കാട്ടാന വീടു തകര്‍ത്തു, ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന വീടു തകര്‍ത്തു. ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ കുന്നത്ത് ബെന്നിയുടെ വീടാണ് കാട്ടാന തകര്‍ത്തത്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബെന്നിയും ഭാര്യയും തലനാരിഴയ്ക്കാണ്…
ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന വീടു തകര്‍ത്തു. ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ കുന്നത്ത് ബെന്നിയുടെ വീടാണ് കാട്ടാന തകര്‍ത്തത്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബെന്നിയും ഭാര്യയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പുലര്‍ച്ചെ രണ്ടു മണിയ്ക്കായിരുന്നു കാട്ടാനയുടെ ആക്രമണം. പരിക്കേറ്റ ബെന്നി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. ഇടുക്കി പന്നിയാര്‍ വീണ്ടും കാട്ടാനയിറങ്ങി റേഷന്‍ കട തകര്‍ത്തിരുന്നു. അരിക്കൊമ്പന്‍ എന്ന കാട്ടാനയാണ് എസ്റ്റേറ്റിലിറങ്ങി റേഷന്‍ കട തകര്‍ത്തത്. പത്തു ദിവസത്തിനിടെ നാലാം തവണയാണ് ആന കട ആക്രമിക്കുന്നത്. മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നതിനാല്‍ റേഷന്‍ സാധനങ്ങള്‍ ഒന്നും നഷ്ടമായില്ല.
കഴിഞ്ഞദിവസം അരിക്കൊമ്പന്‍ ആനയിറങ്കല്‍ മേഖലയില്‍ രണ്ട് വീടുകള്‍ തകര്‍ത്തിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അരിക്കൊമ്പന്‍ പന്നിയാര്‍ എസ്‌റ്റേറ്റിലെ റേഷന്‍ കട തകര്‍ത്ത് രണ്ടു ചാക്ക് അരിയെടുത്തു തിന്നിരുന്നു. ഒരു വര്‍ഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകര്‍ക്കുന്നത്. റേഷന്‍കടയുടെ ചുമര്‍ പൊളിച്ച് അരിച്ചാക്ക് പുറത്തേക്കെടുത്ത് കഴിച്ച ശേഷം തിരിച്ചുപോവുന്നതാണ് ആനയുടെ രീതി. ഇതുമൂലമാണ് നാട്ടുകാർ അരിക്കൊമ്പൻ എന്നു വിളിക്കുന്നത്. കാട്ടാന ശല്യം രൂക്ഷമായതിൽ നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കൊച്ചി ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു.