സര്‍വ്വത്ര വിലക്കയറ്റം; കേരളത്തിൽ സാധാരണക്കാരുടെ നടുവൊടിക്കുന്ന ബജറ്റ്
തിരുവനന്തപുരം: ജനങ്ങളെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്നാം ബജറ്റ്. വസ്തു ക്രമവിക്രയം, കെട്ടിട നിര്‍മ്മാണം, നിത്യോപയോഗ സാധനങ്ങള്‍, മദ്യം, വാഹനം അടക്കം…
തിരുവനന്തപുരം: ജനങ്ങളെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്നാം ബജറ്റ്. വസ്തു ക്രമവിക്രയം, കെട്ടിട നിര്‍മ്മാണം, നിത്യോപയോഗ സാധനങ്ങള്‍, മദ്യം, വാഹനം അടക്കം നിത്യേന ജീവിതത്തിന്റെ ഭാഗമായ എല്ലാത്തിനും വിലവര്‍ധനവാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍.
ഭൂമിയുടെ ന്യായവില 20% മുതല്‍ 30% വരെ വര്‍ധിക്കും. ഇതുവഴി ഭൂമിയുടെ രജിസ്‌ട്രേഷന് കൂടുതല്‍ പണം മുടക്കേണ്ടി വരും. മൈനിംഗ് ജിയോളജി മേഖലയില്‍ റോയല്‍റ്റി പിഴ പുതുക്കലും കെട്ടിട നിര്‍മ്മാണത്തിനുള്ള പാറ, പാറപ്പൊടി അടക്കമുള്ളവയുടെ വില കൂട്ടും. കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, കെട്ടിട പെര്‍മിറ്റ് ഫീസ്, പുതിയ കെട്ടിടങ്ങളുടെ ഫീസ്, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക ഫീസ്, ഒന്നിലധികം വീടുള്ളവര്‍ക്കും പ്രത്യേക നികുതി, പുതിയ ഫ്‌ളാറ്റ് കൈമാറുന്നതിലെ നികുതി വര്‍ധനവ് എന്നിവ അമിത ഭാരമാകും. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടവാടക ന്യായവില അടിസ്ഥാനമാക്കിയാകും.
സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ പെട്രോള്‍, ഡീസല്‍ ലിറ്റര്‍ വിലയില്‍ രണ്ട് രൂപ സെസ് വര്‍ധിപ്പിച്ചതാണ് മറ്റൊരു ഇരുട്ടടി. ഇത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല, യാത്രാ നിരക്ക്, ചരക്ക് നീക്കം എന്നിവയ്ക്കും ചെലവേറും അരി, പഴം, പച്ചക്കറി, ഇറച്ചി അടക്കം എല്ലാത്തിനും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് വിലക്കയറ്റമാണ് ഈ നിര്‍ദേശം നല്‍കുന്നത്.
മദ്യത്തിന്റെ സെസ് വര്‍ധനവാണ് മറ്റൊരു ഭാരം. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് അടുത്ത കാലത്ത് 10 രൂപ ലിറ്ററില്‍ വര്‍ധിച്ചതിനു പിന്നാലെയാണ് ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ വില വര്‍ധനവ് വരാന്‍ പോകുന്നത്. 999 രൂപ വരെ വിലയുള്ള മദ്യം ലിറ്ററിന് 20 രൂപയും 1000 രൂപ മുതല്‍ വിലയുള്ളതിന് 40 രൂപയുമാണ് വര്‍ധിക്കുക. വിലകുറഞ്ഞ ജനപ്രീയ ബ്രാന്‍ഡുകളുടെ ലഭ്യത കുറവ് മൂലം കൂടിയ വില കൊടുത്ത് മറ്റു ബ്രാന്‍ഡുകള്‍ തേടുന്നതിനു പകരം ലഹരിക്ക് മറ്റു വഴികള്‍ തെരഞ്ഞെടുക്കുന്നതിലേക്ക് യുവാക്കള്‍ മാറുമോ എന്ന ആശങ്കയും ഉയരുന്നു.
വാഹന വില വര്‍ധനവാണ് മറ്റൊരു ഭാരം. പുതുതായി വാങ്ങുന്ന 2 ലക്ഷം രൂപ വരെ വിലയുള്ള ഇരുചക്ര വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ 2% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. മോട്ടോര്‍ കാറുകളുടെ നികുതിയിലും വര്‍ധനവ്.
പുതിയ വാഹനങ്ങളുടെ ഒറ്റത്തവണ സെസ് ഇരട്ടിയാക്കി. ഫാന്‍സി, പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചു.
വൈദ്യുതി തീരുവയും വര്‍ധിപ്പിച്ചു. വ്യവസായ യൂണിറ്റുകള്‍ക്ക് 5% വര്‍ധന. കോടതി ഫീസ് തുക വര്‍ധന. നഷ്ടപരിഹാര കേസുകളില്‍ തുകയുടെ ഒരു ശതമാനം അധിക വര്‍ധനയും കോടതി ഫീസുകളില്‍ ഒരു ശതമാനം അധിക വര്‍ധനവും കൊണ്ടുവരും.
ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുമെന്നതും കോണ്‍ട്രാക് കാരിയര്‍ ഉടമകള്‍ക്ക് കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധി മറികടക്കാന്‍ നികുതി 10% ആയി കുറയ്ക്കുമെന്നതുമാണ് ആശ്വാസകരമായ പ്രഖ്യാപനങ്ങള്‍.
അതേസമയം, സാമൂഹിക സുരക്ഷാ പെന്‍ഷനുകളില്‍ നേരിയ വര്‍ധനവിനു പോലും ധനമന്ത്രി തയ്യാറായിട്ടില്ല. വിപണിയിലേക്ക് ഉടന്‍ പണമെത്തുന്ന ഇത്തരം പെന്‍ഷനുകള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ പുതിയ നികുതികള്‍ കൊണ്ടുവന്നുവെങ്കിലും അതിന്റെ പ്രയോജനം പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്നില്ല. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ അനര്‍ഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 62 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
മുന്‍കാലങ്ങളിലെ പദ്ധതികളുടെ ആവര്‍ത്തനവും വിഹിതം വര്‍ധിപ്പിക്കലും മാത്രമാണ് ഇത്തവണ കാണുന്നത്. അങ്കണവാടി ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും പേവിഷ ബാധയ്‌ക്കെതിരായ തദ്ദേശീയ വാക്‌സിന്‍ നിര്‍മ്മാണവും മാത്രമാണ് എടുത്തുപറയാവുന്ന പുതിയ പ്രഖ്യാപനങ്ങള്‍. 3,000 കോടി രൂപയ്ക്കടുത്തുള്ള തുകയാണ് നികുതി വർധനയിലൂടെ സർക്കാർ അധികമായി പ്രതീക്ഷിക്കുന്നത്.