ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ഒന്നാം പാദ പ്രീ ക്വാര്‍ട്ടറില്‍ ചെല്‍സിക്ക് വീണ്ടും തോല്‍വി

ബ്രസല്‍സ്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ഒന്നാം പാദ പ്രീ ക്വാര്‍ട്ടറില്‍ ബെനഫികയ്‌ക്കും ബോറുസിയ ഡോര്‍ട്ട്‌മുണ്ടിനും ജയം. ബെനഫിക എവേ മത്സരത്തില്‍ ക്ലബ്‌ ബ്രൂഗിനെ 2-0 ത്തിനും ഡോര്‍ട്ട്‌മുണ്ട്‌…

By :  Editor
Update: 2023-02-16 21:17 GMT

ബ്രസല്‍സ്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ഒന്നാം പാദ പ്രീ ക്വാര്‍ട്ടറില്‍ ബെനഫികയ്‌ക്കും ബോറുസിയ ഡോര്‍ട്ട്‌മുണ്ടിനും ജയം. ബെനഫിക എവേ മത്സരത്തില്‍ ക്ലബ്‌ ബ്രൂഗിനെ 2-0 ത്തിനും ഡോര്‍ട്ട്‌മുണ്ട്‌ ഹോം മത്സരത്തില്‍ 1-0 ത്തിനു ചെല്‍സിയെയും നേരിട്ടു.

ക്ലബ്‌ ബ്രൂഗിന്റെ തട്ടകമായ യാന്‍ ബ്രിഡെല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെനഫികയ്‌ക്കു വേണ്ടി ജോയ മാരിനോ, ഡേവിഡ്‌ നെറസ്‌ എന്നിവര്‍ ഗോളടിച്ചു. രണ്ടാം പകുതിയിലാണു രണ്ട്‌ ഗോളുകളും വീണത്‌. എവേ മത്സരത്തില്‍ ജയിച്ചതോടെ ബെനഫിക ഏറെക്കുറെ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ബോറുസിയ ഡോര്‍ട്ട്‌മുണ്ടിന്റെ തട്ടകമായ സിഗ്നല്‍ എഡുന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ കരിം അദയെമിയാണു ചെല്‍സിക്കെതിരേ ഗോളടിച്ചത്‌.

ചെല്‍സിക്കും കോച്ച്‌ ഗ്രഹാം പോട്ടറിനും പ്രീമിയര്‍ ലീഗില്‍ മാത്രമല്ല ചാമ്പ്യന്‍സ്‌ ലീഗിലും മോശം കാലമെന്ന്‌ ഉറപ്പാക്കുന്ന തോല്‍വിയായിരുന്നു അത്‌. ചെല്‍സി പന്തടക്കത്തില്‍ മുന്നിലായിരുന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാത്തതു തിരിച്ചടിയായി. 63-ാം മിനിറ്റിലാണു കളിയുടെ ഗതിക്കു വിപരീതമായി ഗോള്‍ വീണത്‌. 21 വയസുകാരന്‍ കരിം അദയെമി സ്വന്തം ഹാഫില്‍നിന്ന്‌ പന്ത്‌ സ്വീകരിച്ചു മിന്നല്‍ വേഗത്തില്‍ ഒറ്റയ്‌ക്ക് കുതിച്ചു. ഡിഫന്‍ഡര്‍മാരെ ഒന്നായി പിന്നിലാക്കിയ അദയെമി ചെല്‍സി ഗോള്‍ കീപ്പര്‍ കെപയെയും ഡ്രിബിള്‍ ചെയ്‌തു മാറ്റിയാണ്‌ ഗോളടിച്ചത്‌. ഗോള്‍ വീണ ശേഷം ചെല്‍സി ആക്രമണം കടുപ്പിച്ചു. കൂലിബാലിയുടെ ഗോളെന്നുറച്ച ഷോട്ട്‌ വെച്ച എമിറെ ചാന്‍ ഗോള്‍ ലൈന്‍ ക്ലിയറന്‍സിലൂടെ വിഫലമാക്കി. ഗോള്‍ കീപ്പര്‍ ഗ്രിഗോര്‍ കോബലിന്റെ മിന്നും സേവുകളും ഡോര്‍ട്ട്‌മുണ്ടിന്റെ ജയത്തിനു തുണയായി. ചെല്‍സിക്ക്‌ അവസാന നാലു മത്സരങ്ങളില്‍ ഒന്നിലും ജയിക്കാനായില്ല.

Tags:    

Similar News