'ചെകുത്താന്‍ കാവലിരിക്കുന്ന നിധിയെടുത്ത് നല്‍കും'; ലക്ഷങ്ങള്‍ തട്ടിയെന്ന് വീട്ടമ്മയുടെ പരാതി
പയ്യന്നൂർ: വീട്ടിൽ നിധിയുണ്ടെന്നും അതെടുത്ത് നൽകാമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയിൽ കേസെടുത്തു.പയ്യന്നൂർ കാറമേലിലെ കൊവ്വൽ മൂപ്പന്റകത്ത് ജമീലയുടെ പരാതിയിലാണ് എട്ടുപേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തത്.…
പയ്യന്നൂർ: വീട്ടിൽ നിധിയുണ്ടെന്നും അതെടുത്ത് നൽകാമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയിൽ കേസെടുത്തു.പയ്യന്നൂർ കാറമേലിലെ കൊവ്വൽ മൂപ്പന്റകത്ത് ജമീലയുടെ പരാതിയിലാണ് എട്ടുപേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തത്.
പരാതിക്കാരിയുടെ മാതാവിന്റെ പേരിലുള്ള സ്വത്ത് വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പരാതിക്കാരി റഷീദിനെ പരിചയപ്പെടുന്നത്. വീട്ടിലുണ്ടാവുന്ന പാമ്പുശല്യം തീർക്കാനും കുടുംബപ്രശ്നങ്ങൾ പരിഹരിക്കാനും കഴിവുള്ള ഉസ്താദ് വയനാട്ടിലുണ്ടെന്ന് പറഞ്ഞ് ഫോൺ നമ്പർ റഷീദ് വീട്ടമ്മക്ക് നൽകുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ റഷീദ് പരാതിക്കാരിയെ വയനാട്ടിലെ ഉസ്താദിന്റെയടുത്ത് കൊണ്ടുപോയി. ഭർത്താവിന്റെ വീട്ടുകാർ കൂടോത്രം ചെയ്തിട്ടുണ്ടെന്നും മൊത്തം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് വീട്ടിൽ നിധിയുണ്ടെന്നും ചെകുത്താന്മാർ കാവലിരിക്കുന്ന അതെടുക്കുവാൻ വേറെ ആളെ വരുത്തണമെന്നും അറിയിക്കുകയായിരുന്നു.ഇതിനായി കാസർകോട് സ്വദേശിയായ ഒരാളെ നിയോഗിക്കുകയും ഒന്നരലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു.
ഇത്തരത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ച് റഷീദും കൂട്ടാളികളും ചേർന്ന് പണം വാങ്ങി വഞ്ചിച്ചശേഷം തന്നെ ജീവഹാനി വരുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും കാണിച്ചാണ് ജമീലയുടെ പരാതി.