എം.വി.ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ പങ്കെടുക്കാതെ ഇ.പി: സിപിഎമ്മിനു ക്ഷീണമായി അസാന്നിധ്യം

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽനിന്ന് വിട്ടുനിന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. യാത്രയുടെ ഉദ്ഘാടന പരിപാടിയിലും ഇ.പി പങ്കെടുത്തിരുന്നില്ല. പാർട്ടിക്കോട്ടയായ കണ്ണൂരിലടക്കം ഇ.പി.ജയരാജന്റെ…

By :  Editor
Update: 2023-02-23 01:10 GMT

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽനിന്ന് വിട്ടുനിന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. യാത്രയുടെ ഉദ്ഘാടന പരിപാടിയിലും ഇ.പി പങ്കെടുത്തിരുന്നില്ല. പാർട്ടിക്കോട്ടയായ കണ്ണൂരിലടക്കം ഇ.പി.ജയരാജന്റെ അസാന്നിധ്യം സിപിഎമ്മിനു ക്ഷീണമായി.

നേതൃത്വത്തോടുള്ള അതൃപ്തി തുടരുന്നതിനാലാണു ജാഥയിൽ ഇ.പി പങ്കെടുക്കാത്തത് എന്നാണ് സൂചന. ജാഥ കണ്ണൂരിൽ എത്തിയിട്ടും ഒരു വേദിയിലും ഇ.പി വരാതിരുന്നതു ചർച്ചയായി.ഇ.പിയുടെ നാട്ടിലൂടെയടക്കം സിപിഎം ജാഥ കടന്നു പോകുമ്പോൾ മുതിർന്ന നേതാവ് വിട്ടുനിൽക്കുന്നതിന് കൃത്യമായ വിശദീകരണം നൽകാൻ പാർട്ടിക്ക് സാധിക്കുന്നില്ല. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിനുശേഷം തന്നെ തഴഞ്ഞു ഗോവിന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കിയതിൽ ഇ.പിക്ക് അതൃപ്തിയുണ്ട്

താൻ ജാഥാ അംഗമല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായതിനാലാണു പങ്കെടുക്കാത്തത് എന്നുമാണ് ഇ.പിയുടെ വിശദീകരണം. വരും ദിവസങ്ങളിൽ ഇ.പി ജാഥയിൽ പങ്കെടുക്കുമെന്ന് എം.വി.ഗോവിന്ദൻ പ്രതികരിച്ചു. ഇ.പി.ജയരാജന് ജാഥയിൽനിന്നു വിട്ടുനിൽക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം കാസർകോട്ട് നിന്നാരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂരിലുണ്ടായിട്ടും ജയരാജൻ ഉദ്ഘാടനത്തിന് എത്തിയില്ല. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ പരാതിയെ തുടർന്ന് റിസോർട്ട് വിവാദം പാർട്ടിയിലും പുറത്തും വലിയ ചർച്ചയായതിൽ ഇ.പി രോഷാകുലനാണ്. പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടും പാർട്ടി അനുകൂലമായി പ്രതികരിക്കാത്തതും ഇ.പിയുടെ അതൃപ്തിക്കു കാരണമായി പറയപ്പെടുന്നു.

Tags:    

Similar News