മരിച്ചെന്നു കരുതി ‘മൃതദേഹം’ മോർച്ചറിയിലേക്ക്; സംസ്കാരത്തിനുള്ള ഒരുക്കങ്ങൾക്കിടെ പവിത്രൻ ജീവിതത്തിലേക്ക്

Update: 2025-01-15 04:14 GMT

മംഗളൂരുവിൽനിന്നു കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയിലെപ്പോഴോ മരിച്ചെന്നു കരുതി, സംസ്കാരത്തിന് ഒരുക്കങ്ങൾ നടത്തിയവരെയും ഞെട്ടിച്ച് പവിത്രൻ ജീവിതത്തിലേക്കു കണ്ണുതുറന്നു. ഇന്നലെ രാവിലെ 10ന് കൂത്തുപറമ്പിൽ സംസ്കാരം നിശ്ചയിച്ച്, ഒരു രാത്രി മോർച്ചറിയിൽ സൂക്ഷിക്കാനാണ് പാച്ചപ്പൊയ്കയിലെ വെള്ളുവക്കണ്ടി പവിത്രനെ (67) രാത്രി വൈകി കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചത്.

മംഗളൂരുവിലെ ആശുപത്രിയിൽനിന്നു വൈകിട്ട് പുറപ്പെട്ട ആംബുലൻസ് 5 മണിക്കൂറിനു ശേഷമാണു കണ്ണൂരിലെത്തിയത്. വാർഡ് അംഗം വഴി രാത്രി തന്നെ മരണവാർത്ത മാധ്യമങ്ങൾക്കു നൽകി, സംസ്കാരത്തിനുള്ള ഒരുക്കവും തുടങ്ങി. 

മൃതദേഹം’ മോർച്ചറിയിലേക്കു മാറ്റുമ്പോൾ കൈ അനങ്ങുന്നതായി ഇലക്ട്രിഷ്യൻ അനൂപിനും നൈറ്റ് സൂപ്പർവൈസർ ആർ.ജയനും തോന്നി. നാഡിമിഡിപ്പുള്ളതായി മനസ്സിലാക്കിയതോടെ ഉടൻ അത്യാഹിത വിഭാഗത്തിലെത്തിച്ചു. സ്പെഷലിസ്റ്റ് ഡോക്ടർമാരെ അടിയന്തരമായി വിളിച്ചുവരുത്തി. നേരം വെളുത്തപ്പോഴേക്കും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ബോധം വന്നെന്നും കണ്ണുതുറന്നു തന്നെ നോക്കിയെന്നും ഭാര്യ സുധ പറഞ്ഞു.

ശ്വാസംമുട്ടലിന് കൂത്തുപറമ്പിലെയും തലശ്ശേരിയിലെയും ആശുപത്രികളിൽ ചികിത്സയിലായിരുന്ന പവിത്രനെ രോഗം മൂർച്ഛിച്ചതോടെയാണ് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ ഞായറാഴ്ച മംഗളൂരുവിലേക്കു കൊണ്ടുപോയത്. അവിടെ 2 ആശുപത്രികളിലായി വൻതുക മരുന്നിനും ചികിത്സയ്ക്കുമായി അടച്ചു. യുപിഐ പരിധി കഴിഞ്ഞതോടെ പിന്നീട് ബിൽ അടയ്ക്കാൻ പറ്റാതായി. അടുത്ത ദിവസം അടച്ചാൽ മതിയോ എന്നു ചോദിച്ചെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചില്ല.

വെന്റിലേറ്ററിൽ തുടരാനുള്ള തുക അടയ്ക്കാനാകാതെ വന്നതോടെയാണു തിരികെപ്പോരാൻ തീരുമാനിച്ചത്. വെന്റിലേറ്ററിൽനിന്നു മാറ്റിയാൽ 10 മിനിറ്റിനകം മരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സാധാരണ ആംബുലൻസിലായിരുന്നു മടക്കം. വഴിയിൽ ഏതെങ്കിലും ആശുപത്രിയിൽ കാണിച്ച് മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ മംഗളൂരുവിലെ ആശുപത്രി അധികൃതർ നിർദേശിച്ചതായും ബന്ധുക്കൾ പറഞ്ഞു. ഗൾഫിലായിരുന്ന പവിത്രൻ ഏതാനും വർഷം മുൻപാണ‌ു നാട്ടിലെത്തിയത്. പക്ഷാഘാതം വന്ന് ഒരുഭാഗത്തിനു സ്വാധീനക്കുറവുണ്ട്. 

Tags:    

Similar News