എം.വി.ഗോവിന്ദൻ നയിക്കുന്ന ജാഥയിലെ അസാന്നിധ്യത്തിനിടെ വീണ്ടും വിവാദം; ഇ.പി. വിവാദ ദല്ലാള്‍ നന്ദകുമാറിനൊപ്പം മറ്റൊരു ചടങ്ങിൽ , ഒപ്പം കെ വി തോമസും

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി വെണ്ണലയില്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങളിലും പങ്കെടുത്തു. സിപിഐഎം…

By :  Editor
Update: 2023-02-24 02:00 GMT

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി വെണ്ണലയില്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങളിലും പങ്കെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാതെയാണ് ഇ പി ജയരാജന്‍ ഞായറാഴ്ച്ച സ്വകാര്യ ചടങ്ങിനെത്തിയത്.

എംവി ഗോവിന്ദന്റെ യാത്ര ആരംഭിക്കുന്നതിന്റെ തലേദിവസമാണ് ജയരാജന്‍ കൊച്ചിയിലെത്തി ചടങ്ങില്‍ പങ്കെടുത്തത്. ഇപി ജയരാജനൊപ്പം കെ വി തോമസും ഉണ്ടായിരുന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പീഡന ആരോപണത്തിന് തുടക്കമിട്ട വിവാദ കത്ത് പുറത്തുവിട്ടത് നന്ദകുമാര്‍ ആയിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും നന്ദകുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ സഹചാരിയായിരുന്ന തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി വിനുകുമാര്‍ പറഞ്ഞിരുന്നു.

ഇതിന് പുറമേ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തിന് പിന്നാലെ ഇംഎംസിസി ഡയറക്ടറായിരുന്ന ഷിജു എം വര്‍ഗീസ് കുണ്ടറയില്‍ മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ സ്ഥാനാര്‍ത്ഥിയായതിന് പിന്നിലും നന്ദകുമാറാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ ഇ പി ജയരാജന്‍ പങ്കെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം. എല്‍ഡിഎഫ് കണ്‍വീനര്‍ എപ്പോള്‍ വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എംവി ഗോവിന്ദന്‍ നയിക്കുന്ന യാത്രയില്‍ ജയരാജന്‍ ഇതുവരേയും പങ്കെടുത്തിട്ടില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നേരത്തെ തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കാനുള്ളതിനാലാണ് യാത്രയുടെ ഭാഗമാകാത്തതെന്നാണ് ഇ പി ജയരാജന്റെ മറുപടി. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളില്‍ നടക്കുന്ന യാത്രയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News