പിച്ചച്ചട്ടിയിലും കൈയ്യിട്ട് വാരി ; ദുരിതാശ്വാസനിധി തട്ടിപ്പ് എല്ലാ ജില്ലയിലും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനര്‍ഹര്‍ ധനസഹായം നേടുന്നതു കണ്ടെത്താന്‍ ഓപ്പറേഷന്‍ സി.എം.ഡി.ആര്‍.എഫ്. എന്ന പേരില്‍ വിജിലന്‍സ് ആരംഭിച്ച മിന്നല്‍പരിശോധന തുടരുന്നു. രണ്ടുദിവസമായി നടക്കുന്ന പരിശോധനയില്‍ കൂടുതല്‍ ക്രമക്കേടുകള്‍…

By :  Editor
Update: 2023-02-24 21:03 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനര്‍ഹര്‍ ധനസഹായം നേടുന്നതു കണ്ടെത്താന്‍ ഓപ്പറേഷന്‍ സി.എം.ഡി.ആര്‍.എഫ്. എന്ന പേരില്‍ വിജിലന്‍സ് ആരംഭിച്ച മിന്നല്‍പരിശോധന തുടരുന്നു. രണ്ടുദിവസമായി നടക്കുന്ന പരിശോധനയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിലെ കരോട് സ്വദേശി മുഖേന നെയ്യാറ്റിന്‍കര താലൂക്കിലെ ഇരുപതിലധികം പേര്‍ക്കു ദുരിതാശ്വാസനിധിയില്‍നിന്നു സഹായം ലഭിച്ചു. മാറനല്ലൂര്‍ സ്വദേശി അപ്പന്‍ഡിെസെറ്റിസ് രോഗത്തിന് ഒറ്റദിവസത്തെ ചികിത്സയാണു തേടിയതെങ്കിലും ധനസഹായം ലഭിച്ചതു ഹൃദ്രോഗചികിത്സയ്ക്ക്! കരള്‍രോഗിയും ഹൃദ്രോഗചികിത്സാസഹായത്തിന് അപേക്ഷിച്ചു. വര്‍ക്കല താലൂക്ക് ഓഫീസിലെ പരിശോധനയില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആറ് അപേക്ഷകള്‍ അയച്ചതായും കണ്ടെത്തി.

കൊല്ലം, പടിഞ്ഞാറേ കല്ലട സ്വദേശിക്കു പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നതിനു നാലുലക്ഷം രൂപ അനുവദിച്ചു. എന്നാല്‍, വിജിലന്‍സ് പരിശോധനയില്‍ വീടിന് യാതൊരു കേടുപാടും സംഭവിച്ചില്ലെന്നു കണ്ടെത്തി.

താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അക്കൗണ്ടില്‍ വന്ന പണം ചെലവഴിച്ചിട്ടില്ലെന്നുമാണ് ഈ ഗുണഭോക്താവിന്റെ മൊഴി. കൊല്ലം ജില്ലയില്‍ ഫണ്ട് അനുവദിച്ച നിരവധി അപേക്ഷകള്‍ക്കൊപ്പം റേഷന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ ഇല്ലായിരുന്നു. കരുനാഗപ്പള്ളി താലൂക്കിലെ 18 അപേക്ഷകളില്‍ 13 എണ്ണത്തിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതു നെഞ്ച് രോഗാശുപത്രിയിലെ ഒരേ ഡോക്ടറാണ്.

ഇതില്‍ ആറ് സര്‍ട്ടിഫിക്കറ്റുകള്‍ ഒരേ വീട്ടിലെ അംഗങ്ങള്‍ക്കാണ്. കൊല്ലം തൊടിയൂര്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ച പല അപേക്ഷകളിലും ഒരേ കെയക്ഷരം കണ്ടെത്തി.പത്തനംതിട്ട, കൂടല്‍ വില്ലേജ് ഓഫീസില്‍ 2018-2022 വരെയുള്ള 268 അപേക്ഷകളില്‍ ഒരേ ഫോണ്‍ നമ്പരാണുള്ളത്.

അപേക്ഷകള്‍ക്കൊപ്പം ചികിത്സാരേഖകള്‍ ഇല്ലാതെയും ധനസഹായം അനുവദിച്ചു. കോഴഞ്ചേരി താലൂക്കില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ധനസഹായം ലഭിച്ചു. മറ്റ് ചിലര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് രണ്ടുവര്‍ഷം കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് വീണ്ടും ധനസഹായം നല്‍കി. അടൂര്‍ താലൂക്കില്‍ ഏനാദിമംഗലം വില്ലേജിലെ 61 അപേക്ഷകളിലും ഒരേ ഫോണ്‍ നമ്പരാണുള്ളത്.

ആലപ്പുഴ ജില്ലയില്‍ പരിശോധിച്ച 14 അപേക്ഷകളില്‍ പത്തിലും ഒരേ ഡോക്ടറാണു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 2022 ജൂണ്‍ 30-നു മാത്രം ഒമ്പത് ചികിത്സാ സര്‍ട്ടിഫിക്കറ്റുകള്‍ ഇതേ ഡോക്ടര്‍ വിവിധ രോഗികള്‍ക്ക് നല്‍കി. കോട്ടയം ജില്ലയിലെ കോണ്ടൂര്‍, ആനിക്കാട്, എരുമേലി വടക്ക് മുന്‍ വില്ലേജ് ഓഫീസര്‍മാരും ഞീഴൂര്‍ വില്ലേജ് ഓഫീസറും അനേ്വഷണം നടത്താതെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കണ്ടെത്തി.

ഇടുക്കി, തൊടുപുഴ താലൂക്കില്‍ 2001-2023 വരെ ലഭിച്ച 70 അപേക്ഷകളിലും അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ ഒന്നുതന്നെ. സമര്‍പ്പിച്ചത് ഒരേ അക്ഷയ സെന്റര്‍ വഴി.

പാലക്കാട്, ആലത്തൂര്‍ വില്ലേജ് ഓഫീസില്‍ ലഭിച്ച 78 അപേക്ഷകളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മൂന്ന് ആയുര്‍വേദ ഡോക്ടര്‍മാരും ഒരേ സ്വകാര്യാശുപത്രിയില്‍ ജോലി െചയ്യുന്നവരാണ്. ഇതില്‍ 28 അപേക്ഷകളിലും ഫോണ്‍ നമ്പര്‍ ഒരാളുടേത്. കോഴിക്കോട്, തളക്കളത്തൂര്‍ വില്ലേജിലെ വിദേശമലയാളിയുടെ മകന്റെ ചികിത്സയ്ക്കായി മൂന്നുലക്ഷം അനുവദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അമ്മയ്ക്ക് 25000 രൂപ ചികിത്സാസഹായം അനുവദിച്ചു. മലപ്പുറം, എടക്കര വില്ലേജില്‍ ഒരു ഏജന്റ് മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളിലെല്ലാം ഒരേ ഡോക്ടറാണു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

അക്ഷയ സെന്ററും ഒന്നുതന്നെ. 1.20 ഏക്കറുള്ളയാള്‍ക്ക് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത് 60,000 രൂപ വാര്‍ഷികവരുമാനം. 25000 രൂപ ചികിത്സയ്ക്കായി അനുവദിച്ചു.

ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ശിപാര്‍ശ ചെയ്യുമെന്നു വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം അറിയിച്ചു. അപേക്ഷകളുടെ ആധികാരികത പരിശോധിക്കാന്‍ കലക്ടേററ്റുകളില്‍ പ്രത്യേകസംഘത്തെ സ്ഥിരമായി ചുമതലപ്പെടുത്താന്‍ ശിപാര്‍ശ ചെയ്യും. പൊതുജനങ്ങള്‍ക്കു പരാതി അറിയിക്കാന്‍ വിജിലന്‍സ് ടോള്‍ ഫ്രീ നമ്പര്‍: 1064/8592900900. വാട്‌സ്ആപ്: 9447789100.

Tags:    

Similar News