ബിജു കുര്യന്‍ നാളെ എത്തുമെന്ന് സഹോദരന്‍ അറിയിച്ചു; പ്രതികാര നടപടിയുണ്ടാകില്ല -കൃഷിമന്ത്രി

കൊച്ചി: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലിലേക്ക് പോകുകയും അവിടെവച്ച് അപ്രത്യക്ഷനാകുകയും ചെയ്ത ബിജു കുര്യന്‍ തിങ്കളാഴ്ച കേരളത്തിലെത്തും. പുലര്‍ച്ചെ നാലു മണിക്ക് കോഴിക്കോട് വിമാനത്താവളത്തിലാണ്…

By :  Editor
Update: 2023-02-26 08:37 GMT

കൊച്ചി: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലിലേക്ക് പോകുകയും അവിടെവച്ച് അപ്രത്യക്ഷനാകുകയും ചെയ്ത ബിജു കുര്യന്‍ തിങ്കളാഴ്ച കേരളത്തിലെത്തും. പുലര്‍ച്ചെ നാലു മണിക്ക് കോഴിക്കോട് വിമാനത്താവളത്തിലാണ് ഇറങ്ങുക. ബിജു തന്നെ ബന്ധപ്പെട്ടിരുന്നെന്ന് സഹോദരന്‍ ബെന്നി കുര്യന്‍ വ്യക്തമാക്കി. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് വിളിച്ചതെന്നും ബെന്നി പറഞ്ഞു.

സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 കര്‍ഷകരെ ഇസ്രയേലിലേക്കയച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 17-ന് രാത്രി ബിജുവിനെ ഹോട്ടലില്‍നിന്ന് കാണാതാവുകയായിരുന്നു. താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാനൊരുങ്ങവേ ബിജു വാഹനത്തില്‍ കയറിയില്ലെന്നും തുടര്‍ന്ന് കാണാതായെന്നുമാണ് വിവരം.

ആധുനിക കൃഷിരീതികൾ പഠിക്കാൻ അയച്ച സംഘത്തിൽനിന്ന് ഒരാൾ അപ്രത്യക്ഷനായത് നാണക്കേടായതോടെ, ഏതു വിധേനയും ഇയാളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സംസ്ഥാന സർക്കാർ. ഇതിനിടെയാണ് ഇയാൾ നാളെ തിരിച്ചെത്തുമെന്ന റിപ്പോർട്ട് വരുന്നത്.

ഇസ്രയേലിലെത്തിയ ബിജു കുര്യൻ, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനാണ് കർഷക സംഘത്തിൽനിന്ന് അപ്രത്യക്ഷനായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഘത്തിൽനിന്ന് വിട്ടുപോയ ബിജു കുര്യൻ, ആദ്യ ദിവസം ജറുസലം സന്ദർശിച്ചു. പിറ്റേന്ന് ബെത്‌ലഹേമിലെത്തി. അവിടെ ഒരു ദിവസം ചെലവഴിച്ച് വീണ്ടും കർഷക സംഘത്തിനൊപ്പം ചേർന്ന് കേരളത്തിലേക്കു മടങ്ങാനായിരുന്നു പദ്ധതി.

ഇതിനിടെ കർഷക സംഘം ബിജു കുര്യനെ കൂടാതെ നാട്ടിലേക്കു മടങ്ങിയിരുന്നു. തുടർന്നാണ് സ്വന്തം നിലയ്ക്ക് നാട്ടിലേക്കു മടങ്ങാനുള്ള ശ്രമം ബിജു കുര്യൻ നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ടെൽ അവീവിൽ നിന്ന് ബഹ്റൈൻ വഴി നാട്ടിലേക്കു മടങ്ങാനാണ് നീക്കം. താൻ കാരണം സംഭവിച്ച ആശയക്കുഴപ്പങ്ങൾക്കും സകല പ്രശ്നങ്ങൾക്കും കൃഷിമന്ത്രിയോട് ഉൾപ്പെടെ അദ്ദേഹം ക്ഷമാപണം നടത്തിയതായും റിപ്പോർട്ടിലുണ്ട്.

Tags:    

Similar News