ആകാശ് തില്ലങ്കേരിയെയും കൂട്ടാളിയെയും കണ്ണൂർ സെൻട്രൽ ജയിലിലടച്ചു
കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനും കൊലക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലിൽ അടച്ചു. പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും കണ്ണൂർ സെൻട്രൽ…
കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനും കൊലക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലിൽ അടച്ചു. പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്.
മുഴക്കുന്ന് പൊലീസ് ഇൻസ്പെക്ടർ രജീഷ് തെരുവത്തുപീടികയിലിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രി ഏഴോടെയാണ് ഇരുവരെയും വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. മുഴക്കുന്ന് സ്റ്റേഷനിലെത്തിച്ച് കാപ്പ നിയമപ്രകാരം വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.
ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ്, തില്ലങ്കേരിയിലെ ആർ.എസ്.എസ് പ്രവർത്തകൻ വിനീഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലും മറ്റൊരു വധശ്രമക്കേസിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്.
കാപ്പ ചുമത്തുന്നതിനു മുന്നോടിയായി ഇരിട്ടി, മുഴക്കുന്ന്, മട്ടന്നൂർ പൊലീസ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ സംബന്ധിച്ച വിവരങ്ങൾ ജില്ല പൊലീസ് മേധാവി മുഖേന ജില്ല കലക്ടർക്കു കൈമാറിയിരുന്നു. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്നു പൊലീസ് പറഞ്ഞു. നാലു വർഷത്തെ കേസുകൾകൂടി പരിശോധിച്ചശേഷമായിരുന്നു പൊലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമൊപ്പം പിടിയിലായ മൂന്നാം പ്രതി ജയപ്രകാശ് തില്ലങ്കേരി നിലവിൽ ഒരുകേസിൽ മാത്രമാണ് പ്രതിയെന്നതിനാൽ ഇയാളെ കാപ്പ ചുമത്തുന്നതിൽനിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.
ഷുഹൈബ് വധം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായതിനു തൊട്ടുപിറകെയാണ്, സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും അറസ്റ്റുമുണ്ടായത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നുകാട്ടി ആകാശിന്റെ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.