പെണ്‍കുഞ്ഞുങ്ങളുടെ നഗ്നചിത്രങ്ങള്‍ വ്യാപകമായി പീഡോഫൈല്‍ വൃത്തങ്ങളില്‍ പ്രചരിക്കുന്നു; കുരുക്കിടാനായി ഫ്രാന്‍സില്‍ നിയമം വരുന്നു
സോഷ്യല്‍മീഡിയയില്‍ ഫോളേവേഴ്‌സിനെ വാരിക്കൂട്ടാന്‍ കുട്ടികള്‍ ചിരിക്കുന്നതും കരയുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഫോട്ടോ ആയും വീഡിയോ ആയും പോസ്റ്റ് ചെയ്യുന്ന മാതാപിതാക്കള്‍ ലോകത്തെല്ലായിടത്തും ഉണ്ട്. കുഞ്ഞുകുട്ടികളുടെ കുസൃതിയും കൊഞ്ചലും…
;സോഷ്യല്‍മീഡിയയില്‍ ഫോളേവേഴ്‌സിനെ വാരിക്കൂട്ടാന്‍ കുട്ടികള്‍ ചിരിക്കുന്നതും കരയുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഫോട്ടോ ആയും വീഡിയോ ആയും പോസ്റ്റ് ചെയ്യുന്ന മാതാപിതാക്കള്‍ ലോകത്തെല്ലായിടത്തും ഉണ്ട്. കുഞ്ഞുകുട്ടികളുടെ കുസൃതിയും കൊഞ്ചലും ഇഷ്ടമില്ലാത്തവരുണ്ടാകുമോ. അവരെല്ലാം തങ്ങളുടെ പോസ്റ്റുകളെ പിന്തുണയ്ക്കുമെന്ന് അറിയുന്നത് കൊണ്ടുതന്നെയാണ് ഈ ഷെയറിന്റിംഗ് എന്ന പേരിലുള്ള ഈ പ്രവണത സോഷ്യല്‍മീഡിയയില്‍ ഒരു തംരംഗമാകുന്നത്. പക്ഷേ ഫ്രാന്‍സില്‍ ഇനിയത് നടക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയ പബ്ലിസിറ്റിക്കായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള നിയമം അവിടെ ഒരുങ്ങുകയാണ്.
ഇത് സംബന്ധിച്ച കരട് ബില്ലിന് ഫ്രാന്‍സിലെ ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷെയറിന്റിംഗ് എന്നറിയപ്പെടുന്ന, കുട്ടികളുടെ തത്സമയ വീഡിയോകളിലൂടെ പ്രശസ്തിയും പണവും സ്വന്തമാക്കുന്ന പ്രവണത അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് നിയമത്തിനുള്ളത്.
ഫ്രാന്‍സിലെ പകുതിയിലധികം മാതാപിതാക്കളും അവരുടെ കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളവരാണ്. ഇവരില്‍ പത്തില്‍ ഒമ്പതുപേരും മക്കള്‍ക്ക് അഞ്ച് വയസാകുന്നതിന് മുമ്പുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പതിമൂന്ന് വയസാകുന്നതിന് മുമ്പ് ഒരു കുട്ടിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ 1,300 തവണ ഷെയര്‍ ചെയ്യപ്പെടുന്നു എന്നാണ് ഒബ്‌സര്‍വേറ്ററി ഫോര്‍ പാരന്റ്ഹുഡ് ആന്‍ഡ് ഡിജിറ്റല്‍ എജുക്കേഷന്‍ എന്ന ക്യാംപെയിന്‍ ഗ്രൂപ്പ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്. സ്വന്തം കുട്ടിയുടെ മുഖത്ത് ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങ് ഉടച്ചത് വാരിയെറിഞ്ഞ് അതിലൂടെ മാസം ആയിരക്കണക്കിന് യൂറോ സമ്പാദിക്കുന്ന നിരവധി മാതാപിതാക്കളുണ്ടെന്ന് ഈ സംഘടനയുടെ പ്രസിഡന്റ് ആയ തോമസ് റോമര്‍ പറയുന്നു. കുഞ്ഞുങ്ങളുടെ മുഖത്തേക്ക് ചീസ് എറിഞ്ഞ് അവരുടെ പ്രതികരണം പകര്‍ത്തുക, കുട്ടി അനുസരിക്കാത്തത് കൊണ്ട് അവരെ ജയിലില്‍ ഇടുകയാണെന്ന് പോലീസ് പറയുന്നതായി നടിച്ച് അപ്പോഴുള്ള അവരുടെ മുഖഭാവം പകര്‍ത്തുക തുടങ്ങിയ പ്രാങ്കുകള്‍ക്കെതിരെയാണ് ഇവര്‍ ക്യാംപെയിനുകള്‍ സംഘടിപ്പിക്കുന്നത്.
മാതാപിതാക്കള്‍ അവരുടെ ചെറിയ കുട്ടികളെ പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചിലപ്പോഴൊക്കെ അവരെ നാണംകെടുത്തുന്ന രീതിയില്‍ പെരുമാറുകയും ചെയ്യുന്നതിനെതിരെ ഒരു താക്കീതെന്ന നിലയില്‍ മാക്രോണിന്റെ റിനൈസന്‍സ് പാര്‍ട്ടിയില്‍ നിന്നുള്ള എംപിയായ ബ്രൂണോ സ്റ്റഡര്‍ ആണ് ഇതിനെതിരായ ബില്‍ കൊണ്ടുവന്നിരിക്കുന്നത്. ടിക് ടോക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചെറിയ കുട്ടികള്‍ക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്. പക്ഷേ അവരറിയാതെ മാതാപിതാക്കള്‍ അവരെ ഇതിനായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. സോഷ്യല്‍മീഡിയകളില്‍ കുടുംബാംഗങ്ങള്‍ തന്നെ പോസ്റ്റ് ചെയ്യുന്ന ഇത്തരം ചിത്രങ്ങളില്‍ അമ്പത് ശതമാനവും പീഡോഫൈല്‍ (കുട്ടികളെ ലൈംഗികമായി ദുരുപയോഗപ്പെടുത്തുന്ന) ഫോറങ്ങളിലാണ് എത്തുന്നത് എന്നറിഞ്ഞുകൊണ്ടാണ് പല മാതാപിതാക്കളും ഇത്തരം പ്രവണതകള്‍ തുടരുന്നതെന്ന് സ്റ്റഡര്‍ പറയുന്നു. ചില ചിത്രങ്ങള്‍ പ്രത്യേകിച്ച്, ചെറിയ പെണ്‍കുഞ്ഞുങ്ങളുടെ നഗ്നചിത്രങ്ങള്‍ വ്യാപകമായി പീഡോഫൈല്‍ വൃത്തങ്ങളില്‍ പ്രചരിക്കുന്നതായി ബില്ലില്‍ പറയുന്നു.
മാതാപിതാക്കള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ മുതിരുമ്പോള്‍ കുട്ടികളെ ദോഷകരമായി ബാധിച്ചേക്കാം. മാത്രമല്ല, അവര്‍ അതിന്റെ പേരില്‍ മറ്റുള്ളവരുടെ മുമ്പില്‍ അപഹാസ്യരാകാനും ഇടയുള്ളതിനാല്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് നിയമം ഊന്നല്‍ നല്‍കുന്നത്. കുട്ടികളുടെ ചിത്രങ്ങള്‍ക്ക് മേലുള്ള അവകാശം മാതാപിതാക്കളില്‍ നിന്നും നീക്കി സാമൂഹ്യ പ്രവര്‍ത്തര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കൈമാറുക, കുട്ടികളുടെ പക്വത അനുസരിച്ച് തങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തില്‍ അവരുടെ അഭിപ്രായവും മുഖവിലക്കെടുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കരട് ബില്ലില്‍ ഉള്ളത്.