രവീന്ദ്രന്റെ മറുപടികളിൽ അവ്യക്തത; വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി
കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ കഴിഞ്ഞ…
കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ കഴിഞ്ഞ ദിവസം പതിനൊന്ന് മണിക്കൂറാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത്. രാവിലെ ഒൻപതരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 8.00നാണ് അവസാനിച്ചത്.
മിക്ക ചോദ്യങ്ങൾക്കും രവീന്ദ്രൻ നൽകിയ മറുപടികളിൽ അവ്യക്തതയുണ്ട്. ഇവയിൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതിനായി ഇഡി രവീന്ദ്രനെ ഉടൻ വീണ്ടും വിളിപ്പിക്കും എന്നാണ് വിവരം.
ലൈഫ് മിഷൻ ഇടപാടിൽ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നും ഈ പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചുവെന്നും ഇഡി കണ്ടെത്തിയിരുന്നു. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ഇടപാടുകളും രവീന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളും പുറത്ത് വന്നിരുന്നു.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപ കോഴ നൽകിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.