സ്പീക്കറുടെ ഓഫിസ് ഉപരോധിച്ച് പ്രതിപക്ഷം; സംഘര്‍ഷം, എംഎല്‍എ കുഴഞ്ഞുവീണു
നിയമസഭയിൽ അസാധാരണ പ്രതിഷേധ സമരവുമായി പ്രതിപക്ഷം. തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫിസ് ഉപരോധിച്ചു. വാച്ച് ആൻഡ് വാർഡും…
;നിയമസഭയിൽ അസാധാരണ പ്രതിഷേധ സമരവുമായി പ്രതിപക്ഷം. തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫിസ് ഉപരോധിച്ചു. വാച്ച് ആൻഡ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ, മുതിർന്ന കോൺഗ്രസ് അംഗം തിരുവഞ്ചൂരിനെ വാച്ച് ആൻഡ് വാർഡ് കയ്യേറ്റം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു.
സ്പീക്കറുടെ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ വലിച്ചിഴച്ച് നീക്കാൻ ശ്രമം നടന്നു. പ്രതിഷേധത്തിനിടെ ടി.ജെ.സനീഷ് കുമാർ ജോസഫ് എംഎൽഎ കുഴഞ്ഞു വീണു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാച്ച് ആൻഡ് വാർഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യമുണ്ടായി. സ്പീക്കറെ ഓഫിസിലേക്ക് കയറ്റാനായി ഭരണപക്ഷ എംഎൽഎമാരും രംഗത്തെത്തിയതോടെ സംഘർഷമായി. ഭരണ–പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിനിടെ സ്പീക്കർ ഓഫിസിലേക്ക് കയറി.
സഭയുടെ ചരിത്രത്തിലെ വലിയ പ്രതിഷേധങ്ങളിലൊന്നാണ് ഇന്നു നടന്നത്. സഭാഹാളിനു പുറത്തു വാച്ച് ആൻഡ് വാർഡും അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്നതും അപൂർവമാണ്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ നിയമസഭാ ഹാളിൽനിന്ന് മാർച്ചായെത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സ്പീക്കർ അതിനു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെയാണ് സഭ ബഹിഷ്ക്കരിച്ചത്.