‘റബ്ബറിന്റെ വില എന്നു പറയുന്നത് എം.വി ഗോവിന്ദനു നിസാര വിഷയമായിരിക്കാം, BJP കര്‍ഷകരെ സഹായിച്ചാല്‍ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാം:’;തലശ്ശേരി ബിഷപ്പ്

കണ്ണൂര്‍: റബ്ബറിന്റെ വില എന്നു പറയുന്നത് ഒരു നിസാര വിഷയമായി എം.വി ഗോവിന്ദനു തോന്നുന്നുണ്ടാകും പക്ഷേ അത് മലയോര കര്‍ഷകര്‍ക്ക് ഒരു നിസാര വിഷയമായല്ലെന്ന് തലശ്ശേരി അതിരൂപത…

;

By :  Editor
Update: 2023-03-19 02:09 GMT

കണ്ണൂര്‍: റബ്ബറിന്റെ വില എന്നു പറയുന്നത് ഒരു നിസാര വിഷയമായി എം.വി ഗോവിന്ദനു തോന്നുന്നുണ്ടാകും പക്ഷേ അത് മലയോര കര്‍ഷകര്‍ക്ക് ഒരു നിസാര വിഷയമായല്ലെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. താന്‍ പറഞ്ഞത് മലയോര കര്‍ഷകരുടെ നിലപാടാണെന്നും സഭയും ബി.ജെ.പിയും തമ്മിലുള്ള സഖ്യമായി ദുര്‍വ്യഖ്യാനം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കര്‍ഷകരുമായി കൂടിയാലോചിച്ചെടുത്ത നിലപാടാണത്. അവരുടെ പൊതുവികാരം താന്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും സഭയുടെ ആശയം പ്രചരിപ്പിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി മാത്രമല്ല കര്‍ഷകരെ സഹായിക്കുന്ന ഏതു മുന്നണിയേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ബി.ജെ.പിയെ സഹായിക്കാമെന്നല്ല ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ വേണ്ടി നയം രൂപീകരിക്കാന്‍ സാധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയ്ക്കാണ് അതു കൊണ്ടാണ് റബ്ബറിന്റെ ഇറക്കുമതി തീരുവയെ കുറിച്ച് തീരുമാനമെടുക്കുകയും റബ്ബറിന്റെ വില 300 രൂപയാക്കുകയും ചെയ്താല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇവിടുത്തെ മലയോര കര്‍ഷകര്‍ തയ്യാറാകുമെന്നും പറഞ്ഞത്.

കാരണം അവര്‍ അത്രയേറെ ഗതികേടിലാണ്. പലരും ജപ്തി ഭീഷണി നേരിടുന്ന സാഹചര്യമാണ്. അവരുടെ ആകെ വരുമാന മാര്‍ഗം റബ്ബര്‍ കൃഷിയാണ്. റബറിനെ ആരാണോ പിന്തുണയ്ക്കുന്നത് അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് പറയുന്നത് മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളുടെ മറവിലല്ല. മറിച്ച് കര്‍ഷകന്റെ അവസ്ഥ അത്രമേല്‍ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ്. കര്‍ഷകരെ സഹായിക്കുന്ന ഏത് മുന്നണിയേയും പിന്തുണയ്ക്കും. അത് അത് ഇടതോ കോണ്‍ഗ്രസോ ബി.ജെ.പിയോ ആകട്ടെ." അദ്ദേഹം വ്യക്തമാക്കി. "റബ്ബര്‍ കര്‍ഷകര്‍ ഒരു ചെറിയ വിഭാഗമല്ല. കേരളത്തില്‍ ഏകദേശം 15 ലക്ഷത്തിലധികം കുടുംബങ്ങള്‍ റബ്ബറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത് സമാനകളില്ലാത്ത പ്രതിസന്ധിയാണ്. ഒരു കിലോ റബ്ബറുത്പാദിപ്പിക്കാന്‍ 220 രൂപയ്ക്കടുത്ത് ചെലവുണ്ട്. എന്നാല്‍ കര്‍ഷകനു കിട്ടുന്നത് 120 രൂപയാണ്. അത് പരിഹരിക്കാന്‍ ആരാണോ സഹായിക്കുന്നത് അവര്‍ക്കൊപ്പം കര്‍ഷകര്‍ നില്‍ക്കും. ബി.ജെ..പിയാണ് സഹായിക്കുന്നതെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കും. ഇടതു മുന്നണിയാണെങ്കില്‍ അവര്‍ക്കൊപ്പം. ഇതിനെ കത്തോലിക്കാ സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ട മതപരമായി ചിത്രീകരിക്കുകയും വേണ്ട." സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനം വസ്തുതാപരമാണെന്നും ബി.ജെ.പി നേതാക്കള്‍ തങ്ങളെ സമീപിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം. റബ്ബറിനു 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്നും ബി.ജെ.പിയ്ക്ക് കേരളത്തില്‍ ഒരു എം.പി പോലുമില്ല എന്ന വിഷമം മാറ്റി തരാമെന്നുമായിരുന്നു ബിഷപ്പിന്റെ വാഗ്ദാനം.

Tags:    

Similar News