ബസ് മറിഞ്ഞ സമയത്ത് ഡ്രൈവറുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്; അപകടവും സ്റ്റാറ്റസും ഒരേ ടൈമിൽ; ഡ്രൈവർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സൂചന
കണ്ണൂർ: 5-ാം ക്ലാസ് വിദ്യാർത്ഥിനിയുടെ ജീവനെടുത്ത സ്കൂൾ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ ഗുരുതര വീഴ്ചയെന്ന് സൂചന. അപകടം നടന്ന സമയത്ത് ഡ്രൈവറുടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ലോഡ് ചെയ്യപ്പെട്ടതായാണ് കണ്ടെത്തൽ. അതിനാൽ വാഹനമോടിക്കുന്ന സമയത്ത് ഡ്രൈവർ ഫോൺ ഉപയോഗിച്ചതാണോ അപകടത്തിന് കാരണമായതെന്ന് സംശയമാണ് ഉയരുന്നത്.
4.03നാണ് അപകടമുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതേ സമയത്താണ് ഡ്രൈവറുടെ വാട്സ്ആപ്പിൽ നിന്ന് സ്റ്റാറ്റസ് അപ്ലോഡ് ആയത് എന്നുള്ളതാണ് സംശയത്തിന് കാരണം. ഇതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്ന സമയവും സ്റ്റാറ്റസ് അപ്ലോഡ് ചെയ്യപ്പെട്ട സമയവും ഒന്നാണെങ്കിൽ അപകടസമയത്ത് ഡ്രൈവർ നിസാം വാട്സ്ആപ്പ് ഉപയോഗിച്ചിരിക്കാമെന്ന സൂചന ബലപ്പെടുകയാണ്.
ഡ്രൈവർക്ക് വീഴ്ച സംഭവിച്ചതായി മോട്ടോർ വാഹന വകുപ്പ് പ്രാഥമികമായി വിലയിരുത്തിയിരുന്നു. ബസ് അമിത വേഗത്തിലാണ് വന്നിരുന്നതെന്നും വാഹനത്തിന് 14 വർഷത്തെ പഴക്കമുണ്ടെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിയാസ് പ്രതികരിച്ചു. വാഹനത്തിന്റെ ബ്രേക്ക് സംവിധാനത്തിന് പ്രശ്നങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ ബ്രേക്കിന് തകരാറുണ്ടായിരുന്നുവെന്നും ഇക്കാര്യം സ്കൂൾ അധികൃതരോട് പറഞ്ഞിരുന്നുവെന്നുമാണ് നിസാം പറയുന്നത്. അവധിക്കാലം കഴിയുന്നതുവരെ ഈ ബസ് തന്നെ ഓടിക്കണമെന്ന മറുപടിയാണ് സ്കൂൾ അധികൃതർ നൽകിയയെന്നും നിസാം പറഞ്ഞു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് നിസാമിന്റെ പ്രതികരണം.
കണ്ണൂർ വളക്കൈയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. സ്കൂൾ ബസ് മറിഞ്ഞതിനെ തുടർന്ന്
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യ എസ് രാജേഷിന് ജീവൻ നഷ്ടപ്പെടുകയും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസായിരുന്നു മറിഞ്ഞത്. ബസിന്റെ മുൻസീറ്റിലിരുന്ന നേദ്യ ബസ് മറിഞ്ഞതോടെ പുറത്തേക്ക് തെറിക്കുകയും വാഹനത്തിന് അടിയിൽപ്പെട്ട് മരിക്കുകയുമായിരുന്നു.