ഉമ തോമസിനെ വെന്റിലേറ്ററിൽനിന്നു മാറ്റി; ‘അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല’

ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി;

Update: 2025-01-04 10:15 GMT

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജിൽനിന്നു വീണ് ഗുരുതരമായി പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിനെ വെന്റിലേറ്ററിൽനിന്നു മാറ്റി. വെന്റിലേറ്റർ സഹായം മാറ്റിയെങ്കിലും അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലാത്തതിനാൽ ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആറു ദിവസത്തിനു ശേഷമാണ് വെന്റിലേറ്റർ സഹായം മാറ്റുന്നത്.

ഇന്നു രാവിലെ 11 മണിയോടെയാണ് ഉമ തോമസിനെ വെന്റിലേറ്ററിൽനിന്നു മാറ്റിയത്. ആശുപത്രിയിൽ എത്തിച്ചതു മുതൽ വെന്റിലേറ്റർ സഹായത്തിലാണ് കഴിഞ്ഞിരുന്നത്. ശ്വാസകോശത്തിനു പുറത്തെ നീർക്കെട്ട് നിലനിൽക്കുന്നുണ്ടെങ്കിൽക്കൂടി ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമായതിനാൽ വെന്റിലേറ്ററിൽനിന്നു മാറ്റാൻ തീരുമാനിക്കുകയായിരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി. ഉമ തോമസ് കഴിഞ്ഞ ദിവസം എഴുന്നേറ്റ് ചാരിയിരുന്നിരുന്നു. ഇന്നും മക്കളും ഡോക്ടർമാരുമായി അവർ സംസാരിച്ചു.

ഡിസംബർ 29നാണ് കലൂർ സ്റ്റേഡിയത്തിൽ മൃദംഗവിഷൻ എന്ന കമ്പനി സംഘടിപ്പിച്ച ഒസ്കർ നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഉമ തോമസ് സ്റ്റേജിൽനിന്ന് 15 അടിയോളം താഴ്ചയിലേക്ക് വീണത്. അർധബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച അവർ നാലു ദിവസത്തിനു ശേഷമാണ് കണ്ണു തുറന്നത്. തലച്ചോറിനും ശ്വാസകോശത്തിനുമേറ്റ പരുക്കായിരുന്നു ഗുരുതരം. ശ്വാസകോശത്തില്‍ രക്തം കെട്ടിക്കിടന്നതും വെല്ലുവിളിയായിരുന്നു.

സ്റ്റേജിന്റെ ഒരു ഭാഗത്തുനിന്ന് മറുവശത്തേക്ക് പോകുമ്പോഴായിരുന്നു ഉമ തോമസ് നിലതെറ്റി താഴേക്കു വീണത്. ഒരാൾക്കു കഷ്ടിച്ചു മാത്രം നടന്നു പോകാൻ പറ്റുന്ന സ്ഥലം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വലിയ സുരക്ഷാവീഴ്ചയുണ്ടായെന്നു മനസിലായതോടെ സംഘാടകർക്കെതിരെ കേസെടുക്കുകയും ഇവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇപ്പോൾ രാഷ്ട്രീയവിവാദമായും ഇത് മാറിക്കഴിഞ്ഞു.

Tags:    

Similar News