മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവർ അറസ്റ്റിൽ. ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിലാണ് പൊലീസ് നടപടി. അൻവറിന്റെ ഒതായിയിലുള്ള വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഭരണകൂട ഭീകരതയാണെന്ന് പിവി അൻവർ പ്രതികരിച്ചു. പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണം തടഞ്ഞതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അൻവർ അടക്കം 11 ഡിഎംകെ പ്രവർത്തകർക്കെതിരെയാണ് കേസ്. നിലമ്പൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എംഎൽഎ ആയതുകൊണ്ടുമാത്രം അറസ്റ്റിന് വഴങ്ങുന്നുവെന്നും പുറത്തിറങ്ങിയാൽ ബാക്കി കാണിച്ചുതരാമെന്നും പ്രതികരിച്ചുകൊണ്ടാണ് അൻവർ പൊലീസ് ജീപ്പിലേക്ക് കയറിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് പൊലീസ് തനിക്കെതിരെ നടപടിയെടുത്തതെന്ന് അൻവർ ആരോപിച്ചു. അൻവറിനെ അനുകൂലിച്ചും മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും നിരവധി ഡിഎംകെ പ്രവർത്തകരാണ് ഒതായിയിൽ തടിച്ചുകൂടിയത്.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത സംഭവമാണ് അൻവറിന്റെ അറസ്റ്റിലേക്ക് വഴിവച്ചത്. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവം വനംവകുപ്പിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് ഫോറസ്റ്റ് ഓഫീസിലേക്ക് ഡിഎംകെ മാർച്ച് നടത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തു. ഇതാണ് കേസിലേക്ക് നയിച്ചത്. അറസ്റ്റ് ചെയ്ത അൻവറിനെ നിലമ്പൂർ സ്റ്റേഷനിലേക്കാണ് പൊലീസ് എത്തിക്കുക.