ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റിന് പോലീസ്

ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിലാണ്;

Update: 2025-01-07 04:53 GMT

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ പരാതിക്കാരിയായ ഹണി റോസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. തിങ്കളാഴ്ച്ച സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് നടി മൊഴി നല്‍കിയത്.

ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിലാണ്. സൈബര്‍ ആക്രമണത്തില്‍ നടപടി കടുപ്പിച്ചിരിക്കുകയാണ് പോലീസ്. മോശം കമന്റിടുന്നവര്‍ക്കെതിരേ കേസെടുക്കും. ഹണിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും.

നടിയുടെ പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കുമ്പളം സ്വദേശി ഷാജിയെന്നയാളെയാണ് പോലീസ് ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരേ ഹണി റോസ് സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പ്രതികരണത്തിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 ഓളം പേര്‍ക്കെതിരേ ഞായറാഴ്ച്ച രാത്രിയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്.

സ്ത്രീത്വത്തെ അപമാനിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രമുഖ വ്യക്തിക്കെതിരേ കഴിഞ്ഞ ദിവസം രൂക്ഷപ്രതികരണവുമായി ഹണി രംഗത്ത് വന്നിരുന്നു. മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവ്. എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതികാരണമെന്നോണം സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേര് മനഃപൂര്‍വ്വം വലിച്ചിഴയ്ക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകള്‍ പറയുകയുമാണ് ഈ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

അയാള്‍ ദ്വയാര്‍ഥ പ്രയോഗത്തിലൂടെ അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റമെന്റുകള്‍ ആസ്വദിക്കുന്നത് കൊണ്ടാണോയെന്നും അല്ലെങ്കില്‍ അത് ആസ്വദിക്കുന്നത് കൊണ്ടാണോയെന്നുമാണ് അടുപ്പമുള്ളവര്‍ ചോദിക്കുന്നത്. അതിനുള്ള മറുപടി കൂടിയാണ് ഈ കുറിപ്പ് എന്നാണ് ഹണി റോസ് പറയുന്നത്. പണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഏത് സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ? അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരേ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നടി കുറിച്ചിരുന്നു.

Tags:    

Similar News