‘ഇവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കൾക്ക് കൊടുക്കണം’; സൂര്യഗായത്രി വധക്കേസ് വിധിയിൽ തൃപ്തയല്ലെന്ന് അമ്മ
തിരുവനന്തപുരം: വിവാഹാഭ്യർഥന നിരസിച്ചതിന് നെടുമങ്ങാട്ട് സൂര്യഗായത്രിയെന്ന ഇരുപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിന് ലഭിച്ച ശിക്ഷയിൽ ഒട്ടും തൃപ്തയല്ലെന്ന് സൂര്യഗായത്രിയുടെ അമ്മ വത്സല. അവനെ ജീവനോടെ വെട്ടിയരിഞ്ഞ്…
;തിരുവനന്തപുരം: വിവാഹാഭ്യർഥന നിരസിച്ചതിന് നെടുമങ്ങാട്ട് സൂര്യഗായത്രിയെന്ന ഇരുപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിന് ലഭിച്ച ശിക്ഷയിൽ ഒട്ടും തൃപ്തയല്ലെന്ന് സൂര്യഗായത്രിയുടെ അമ്മ വത്സല. അവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കൾക്ക് കൊടുക്കണമെന്നും അത് കൺമുന്നിൽ കാണണമെന്നും അവർ പ്രതികരിച്ചു. കേസിലെ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷയും 20 വർഷം കഠിനതടവും ആറു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു ഉത്തരവിട്ടതിന് പിന്നാലെയാണ് മാതാവിന്റെ പ്രതികരണം. കൊലപാതക ശ്രമം തടുക്കാൻ ശ്രമിക്കുന്നതിനിടെ ഇവർക്കും കുത്തേറ്റിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകളുള്ള അമ്മ, കോടതിക്ക് പുറത്ത് ഓട്ടോയിലിരുന്നാണ് വിധിയോട് പ്രതികരിച്ചത്. ‘ഇവന് ജീവപര്യന്തം കൊടുത്താൽ പോരാ. ജീവപര്യന്തം കൊടുത്ത് ഇവന് ആഹാരവും നൽകി ജയിലിലിട്ടാൽ പോരാ. ഇവനെ ഒന്നുകിൽ വെടിവെച്ചു കൊല്ലണം. അല്ലെങ്കിൽ തൂക്കിക്കൊല്ലണം. ഞാൻ മരിക്കുന്നതിന് മുമ്പെ ഇതിൽ ഏതെങ്കിലും ഒന്ന് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ ശിക്ഷയിൽ ഞാൻ തൃപ്തയല്ല. എന്റെ മുന്നിൽ ഇവനെ വെട്ടിയോ തൂക്കിയോ കൊല്ലുന്നത് എനിക്ക് കാണണം. ഇവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കൾക്ക് കൊടുക്കണമെന്നും ആഗ്രഹമുണ്ട്. അത് കൺമുന്നിൽ കാണണം. എനിക്ക് മറ്റാരും ആശ്രയമില്ല. എന്റെ പൊന്നുമോളുടെ ആശ്രയത്തിലാണ് ഞാൻ ജീവിച്ചിരുന്നത്. എന്തൊക്കെ തരാമെന്ന് പറഞ്ഞാലും എന്റെ പൊന്നുമോൾ മനസ്സിൽനിന്ന് മായത്തുമില്ല, മറക്കാൻ എനിക്കു കഴിയത്തുമില്ല’, അവർ പറഞ്ഞു.
2021 ആഗസ്റ്റ് 30ന് ഉച്ചക്ക് രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സൂര്യഗായത്രിയും മാതാപിതാക്കളും വാടകക്ക് താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു പ്രതിയുടെ ആക്രമണം. ശാരീരിക വൈകല്യമുള്ളവരാണ് സൂര്യയുടെ മാതാപിതാക്കൾ. വീടിന്റെ അടുക്കള വാതിലിലൂടെ അകത്തുകടന്ന അരുണ്‍ സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച മാതാവ് വത്സലയെയും കുത്തി. സൂര്യയുടെ പിതാവിന്റെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി. അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അരുൺ സമീപത്തെ മറ്റൊരു വീടിന്റെ ടെറസിൽ ഒളിക്കാൻ ശ്രമിച്ചു. അവിടെനിന്നാണ് നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയത്. സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് കേസ്.
സംഭവത്തിന് രണ്ടുവർഷം മുമ്പ് അരുൺ സൂര്യയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാർ നിരസിച്ചു. തുടർന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. സൂര്യയുടെ ഭർത്താവിനെയും അരുൺ ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽനിന്ന് സൂര്യ ഉഴപ്പാക്കോണത്തെ വാടക വീട്ടിലെത്തിയതറിഞ്ഞാണ് അരുൺ എത്തിയത്. 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും ഹാജരാക്കി.