അകിടുകൾ ചെത്തിക്കളഞ്ഞു; സംക്രാന്തി അടുത്തിരിക്കെ പശുക്കളോട് ക്രൂരത; കർണാടകയിൽ പ്രതിഷേധം
BJP plans to observe black Sankranti after 3 cow attacked in Bengaluru;
ബെംഗളൂരു: ചാമരാജപേട്ടിൽ പശുക്കൾക്കെതിരെ നടന്ന കൊടുംക്രൂരതയിൽ പ്രതിഷേധം ശക്തമാകുന്നു. കന്നുകാലികളുടെ ഫാമിലെത്തിയ അജ്ഞാതരായ അക്രമികൾ മൂന്ന് പശുക്കളുടെ അകിട് ചെത്തിയരിഞ്ഞ് കടന്നുകളഞ്ഞ സംഭവമാണ് കർണാടകയിൽ വൻ ചർച്ചയാകുന്നത്. ചാമരാജപേട്ടിലെ വിനായകനഗറിലാണ് സംഭവമുണ്ടായത്. പ്രദേശവാസിയായ കർണയുടെ പശുക്കളാണ് അതിദാരുണമായി ആക്രമിക്കപ്പെട്ടത്.
കന്നുകാലികളുടെ നിലവിളിയും നിർത്താതെയുള്ള കരച്ചിലും കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തുകയായിരുന്നു. തുടർന്ന് രക്തത്തിൽ കുളിച്ച് കിടക്കുന്ന മൂന്ന് പശുക്കളെ കണ്ടെത്തി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജിഹാദികളുടെ മാനസികനിലയുള്ളവരാണ് ഇത്തരം ഹീനകൃത്യം മിണ്ടാപ്രാണികളോട് കാണിക്കുകയെന്നും അക്രമികളെ കണ്ടെത്തി നടപടിയെടുത്തില്ലെങ്കിൽ മകരസംക്രാന്തി ദിവസം ‘കറുത്ത സംക്രാന്തി’ ആചരിക്കുമെന്നും പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു.
മകരസംക്രാന്തി അടുത്തിരിക്കെ ഇത്തരം കുറ്റകൃത്യങ്ങളുണ്ടായാൽ എങ്ങനെയാണ് സംക്രാന്തി ആഘോഷിക്കാൻ സാധിക്കുകയെന്നാണ് ബിജെപി നേതാവിന്റെ ചോദ്യം. സംക്രാന്തിയുടെ ഈ പുണ്യനാളുകൾ കന്നുകാലികളുടെ സാംസ്കാരികവും മതപരവുമായ പ്രാധാന്യം എടുത്തുകാട്ടുന്ന സമയമാണ്. ഈയൊരു സാഹചര്യത്തിലാണ് നടുക്കുന്ന ക്രൂരത സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനുവരി 14നാണ് മകരസംക്രാന്തി.
ആക്രമിക്കപ്പെട്ട പശുക്കളുടെ ഉടമസ്ഥരെ ബിജെപി നേതൃത്വം കണ്ട് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിഷയം വൻ തോതിൽ ചർച്ചയായതോടെ അടിയന്തര നടപടി സ്വീകരിക്കാൻ കർണാടക സർക്കാരും നിർബന്ധിതരായി. ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദയ്‌ക്കാണ് കേസന്വേഷണത്തിന്റെ ചുമതല. വിഷയം കമ്മീഷണറുമായി ചർച്ച ചെയ്തെന്നും കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തണമെന്ന് നിർദേശം നൽകിയതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.