മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്ന് സംസ്‍ഥാനങ്ങളോട് അമിത് ഷാ
ഡാർക്ക് വെബ്, ക്രിപ്‌റ്റോകറൻസി, ഡ്രോണുകൾ പുതിയ വെല്ലുവിളി;
ന്യൂഡൽഹി: ഡാർക്ക് വെബ്, ക്രിപ്‌റ്റോകറൻസി, ഓൺലൈൻ വിപണി, ഡ്രോണുകൾ എന്നിവ രാജ്യത്തിന് പുതിയ വെല്ലുവിളിയുയർത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മയക്കുമരുന്ന് കടത്ത് ഭീഷണിക്കെതിരായ പോരാട്ടത്തിൽ കേന്ദ്രവുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ഷാ ആവശ്യപ്പെട്ടു.
‘മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും’ സംബന്ധിച്ച് ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷനായെത്തിയ ഷാ, മയക്കുമരുന്നിന്റെ നിരവധി ശൃംഖലകളെ ഇല്ലാതാക്കുന്നതിൽ മാത്രമല്ല, അവയുമായി ബന്ധപ്പെട്ട ഭീകരത ഇല്ലാതാക്കുന്നതിലും സർക്കാർ വിജയിച്ചുവെന്ന് പറഞ്ഞു. ഡാർക്ക് വെബ്, ക്രിപ്‌റ്റോകറൻസി, ഓൺലൈൻ മാർക്കറ്റ്‌പ്ലെയ്‌സുകൾ, ഡ്രോണുകൾ എന്നിവയുടെ ഉപയോഗം ഇന്നും തങ്ങൾക്ക് ഒരു വെല്ലുവിളിയായി തുടരുന്നുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
2024ൽ 16,914 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. രാജ്യത്തുടനീളമുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും പൊലീസും മയക്കുമരുന്നിനെതിരെ ഏറ്റവും വലിയ നടപടി സ്വീകരിച്ചു. ഇത് മയക്കുമരുന്ന് രഹിത സമൂഹം ഉണ്ടാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷക്കും വികസനത്തിനുമായി സംസ്ഥാനങ്ങളും കേന്ദ്ര സർക്കാറും സാങ്കേതിക വിദഗ്ധരും സംയുക്തമായി ഈ പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്തേണ്ടതുണ്ട്. മയക്കുമരുന്നിന് അടിമയായ യുവതലമുറയെ കൊണ്ട് ഒരു രാജ്യത്തിനും വികസനത്തിന്റെ പാതയിൽ മുന്നോട്ടു പോകാൻ കഴിയില്ല. ഈ വെല്ലുവിളിയെ ഒറ്റക്കെട്ടായി നേരിടുകയും ഈ പോരാട്ടത്തിൽ വിജയിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.