സാമ്പത്തിക പ്രതിസന്ധിക്കിടയിലും യാത്രാബത്തയ്ക്ക് ‘മുട്ടില്ലാ’തെ മുഖ്യമന്ത്രിയും മന്ത്രിമാരും; കഴിഞ്ഞ വർഷം കൈപ്പറ്റിയത് 3.17 കോടി രൂപ
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയിലും കഴിഞ്ഞ സാമ്പത്തികവര്‍ഷം മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രാബത്തയായി കൈപ്പറ്റിയത് 3.17 കോടി രൂപ. ബജറ്റില്‍ യാത്രാബത്തയായി അനുവദിച്ചിരുന്നത് 2.5 കോടി രൂപ മാത്രമായിരുന്നെങ്കിലും,…
;തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയിലും കഴിഞ്ഞ സാമ്പത്തികവര്‍ഷം മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രാബത്തയായി കൈപ്പറ്റിയത് 3.17 കോടി രൂപ. ബജറ്റില്‍ യാത്രാബത്തയായി അനുവദിച്ചിരുന്നത് 2.5 കോടി രൂപ മാത്രമായിരുന്നെങ്കിലും, പിന്നീട് അധികം തുക അനുവദിക്കുകയായിരുന്നു. ട്രഷറിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിന് അനുവദിച്ച അവസാന തീയതിയുടെ തലേ ദിവസമാണ് മന്ത്രിമാര്‍ക്ക് യാത്രാബത്ത ഇനത്തില്‍ 20 ലക്ഷം കൂടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു .
മന്ത്രിമാര്‍ക്ക് ഓരോ സാമ്പത്തികവര്‍ഷവും യാത്രാബത്തയിനത്തില്‍ ബജറ്റില്‍ തുക നീക്കിവയ്ക്കാറുണ്ട്. അതില്‍ കൂടുതല്‍ യാത്രാബത്തയിനത്തില്‍ ചെലവായാല്‍ അധികം തുക അനുവദിക്കും. ധനവകുപ്പാണ് ഈ തീരുമാനമെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം യാത്രാബത്ത ഇനത്തില്‍ ബജറ്റില്‍ നീക്കിവച്ചിരുന്നത് രണ്ടരക്കോടി രൂപയായിരുന്നു. ഈ തുകയുടെ പരിധി കഴിഞ്ഞതോടെ 88.59 ലക്ഷം രൂപയുടെ അഡിഷനല്‍ പ്രൊവിഷന്‍ ധനവകുപ്പ് അനുവദിച്ചു. ഇതോടെ ആകെ യാത്രാബത്തക്കായി നീക്കിവച്ച തുക 3.38 കോടിരൂപയായി ഉയര്‍ന്നു.
കഴിഞ്ഞമാസം 27നാണ് യാത്രാബത്തയുമായി ബന്ധപ്പെട്ട അവസാന ഉത്തരവിറങ്ങിയത്. 20 ലക്ഷം രൂപ അനുവദിച്ചാണ് ഉത്തരവ്. 28ന് ബില്ലുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയായിരുന്നു. സമയം കിട്ടാത്തതിനാല്‍ ബില്ല് മാറി പണം നല്‍കാന്‍ സാധിച്ചില്ലെന്നാണ് സൂചന. അങ്ങനെ ഈ സാമ്പത്തികവര്‍ഷത്തെ അന്തിമ കണക്ക് പ്രകാരം യാത്രാബത്തയിനത്തില്‍ ചെലവായിരിക്കുന്നത് 3.17 കോടി രൂപയാണ്. വിവിധ ആവശ്യങ്ങള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ചതിലും അധികം തുക ധനവകുപ്പിന് അനുവദിക്കാമെങ്കിലും അടിയന്തരസ്വഭാവവും പ്രാധാന്യവും കണക്കിലെടുത്താണ് സാധാരണ അങ്ങനെ ചെയ്യാറുള്ളത്.