ശിവശങ്കറിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി; 59ാം ദിവസത്തെ നീക്കം ജാമ്യം തടയാൻ

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്നലെ കൊച്ചയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

By :  Editor
Update: 2023-04-14 09:44 GMT

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്നലെ കൊച്ചയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അറസ്റ്റിനുശേഷം 59ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. സ്വാഭാവിക ജാമ്യം തടയുന്നതിനാണ് ഇഡിയുടെ നടപടി.

ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഭരിക്കുന്ന പാർട്ടിയിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയിലും വൻ സ്വാധീനമുള്ളതിനാൽ ശിവശങ്കർ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത മുൻകൂട്ടി കാണാനാകുമെന്നു വിലയിരുത്തിയാണു ജാമ്യാപേക്ഷ തള്ളിയത്. ഈ കേസിനു മുൻപ് ഗുരുതര കുറ്റകൃത്യത്തിൽ പങ്കുണ്ടായിട്ടും സർക്കാരിലുള്ള അധികാര സ്വാധീനം കാരണം ശിവശങ്കറിന്റെ ഔദ്യോഗിക പദവിക്ക് ഒരു കുഴപ്പവുമുണ്ടായില്ല. ആദ്യം ജാമ്യം ലഭിച്ചതിനുശേഷം 2022 ജനുവരി 6ന് ശിവശങ്കറെ ജോലിയിൽ പുനഃപ്രതിഷ്ഠിച്ചു, വിരമിക്കുന്നതുവരെ സുപ്രധാനപദവിയിൽ തുടർന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗുരുതര കുറ്റകൃത്യമായിട്ടും എന്തുകൊണ്ടാണ് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് എന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി പറഞ്ഞിരുന്നു.

Tags:    

Similar News