സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തും
ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഹൈക്കമാൻഡ് നടത്തിയേക്കുമെന്നാണ് സൂചന. രണ്ടു ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രി സ്ഥാനം നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം. ആദ്യം ടേമിൽ…
ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഹൈക്കമാൻഡ് നടത്തിയേക്കുമെന്നാണ് സൂചന. രണ്ടു ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രി സ്ഥാനം നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം. ആദ്യം ടേമിൽ രണ്ട് വർഷം സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമിൽ മൂന്ന് വർഷം ഡി.കെ. ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനം നൽകാനാണ് ധാരണയായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഉപമുഖ്യമന്ത്രിപദവും ആഭ്യന്തരവകുപ്പും വേണമെന്ന ആവശ്യമാണ് ഡി.കെ. ശിവകുമാർ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൂടെനിൽക്കുന്ന നേതാക്കൾക്ക് പ്രധാനപ്പെട്ട വകുപ്പുകൾ മന്ത്രിസഭയിൽ നൽകണമെന്നും ടേം സംബന്ധിച്ച് കൃത്യമായ ഉറപ്പ് വേണമെന്നും ഡി.കെ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അറിയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം എത്തുന്നത്. ഭരണകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ഭൂരിപക്ഷം എം.എൽ.എ.മാരും സിദ്ധരാമയ്യക്കൊപ്പമായിരുന്നു. രാവിലെ ഡൽഹിയിൽ എത്തിയ ഡി.കെ. ശിവകുമാറുമായി കെ.സി. വേണുഗോപാൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കെ.സി. വേണുഗോപാൽ സോണിയാ ഗാന്ധിയുടെ വീട്ടിലെത്തി രാഹുൽ ഗാന്ധിയുമായി ചർച്ചനടത്തുകയും ചെയ്തു.
അതേസമയം, മല്ലികാർജുൻ ഖാർഗെയുടെ വീട്ടിലെത്തി ഡി.കെ. ശിവകുമാർ തന്റെ ആവശ്യങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി.കെ. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നിന്ന് തിരികെ പോയി. മാധ്യമങ്ങളോട് സംസാരിക്കാൻ നിൽക്കാതെയായിരുന്നു അദ്ദേഹം മടങ്ങിയത്. സിദ്ധരാമയ്യ മല്ലികാർജുൻ ഖാർഗെയുമായി അൽപ്പ സമയത്തിനകം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ ഖാർഗെ സിദ്ധരാമയ്യയോട് കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് വിവരം.