തൃശൂരിൽ 70കാരന്റെ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു തീ പടർന്നു
തൃശ്ശൂര്‍: വീണ്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. എഴുപത് വയസുകാരനായ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ്…
തൃശ്ശൂര്‍: വീണ്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. എഴുപത് വയസുകാരനായ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം ഉണ്ടായത്. തൃശ്ശൂർ മരോട്ടിച്ചാലിൽ ചായ കടയിൽ ഇരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോണ് പൊട്ടിത്തെറിച്ചത്. ഏത് കമ്പനിയുടെ മൊബൈൽ ഫോണാണെന്ന് വ്യക്തമായിട്ടില്ല.
മൂന്നാഴ്ച മുമ്പാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്‍റെ മകള്‍ ആദിത്യശ്രീയാണ് അപകടത്തില്‍ മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിരുന്നു ആദിത്യശ്രീ. രാത്രിയില്‍ ആദിത്യശ്രീ മൊബൈല്‍ ഫോണില്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഈ സംഭവത്തിന് പിന്നാലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോട് ജില്ലയില്‍ ഒരു യുവാവിനും പൊള്ളലേറ്റിരുന്നു. റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
ഫാരിസിന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച റിയൽമി 8 ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ജീൻസ് പാന്റിന്റെ കീശയിൽ സൂക്ഷിച്ച ഫോൺ പൊട്ടിത്തെറിച്ച് തീപടർന്നു. വസ്ത്രങ്ങൾ കത്തി. കാലിന്റെ തുടയിലും കാലിന് താഴെയും പൊള്ളലേറ്റു. ഉടനടി വസ്ത്രങ്ങൾ അഴിച്ചുമാറ്റയതിനാൽ പരിക്ക് ഗുരുതരമായില്ല. രണ്ട് വർഷം മുമ്പ് വാങ്ങിയ റിയൽമി എയ്റ്റ് ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിനോ ബാറ്ററിക്കോ മറ്റ് തകരാറുകൾ ഒന്നുമുണ്ടായിരുന്നില്ലെന്നും പെട്ടന്ന് പൊട്ടിത്തെറിക്കുകയായിരുന്നും പരിക്കേറ്റ ഫാരിസ് പ്രതികരിച്ചിരുന്നു.