ടോട്ടനത്തെ ഞെട്ടിച്ചു , ലിവര്‍പൂളിന് സമനില , യുണൈറ്റഡിന് ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിന് അപ്രതീക്ഷിത തോല്‍വി. സ്വന്തം തട്ടകമായ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ബ്രെന്റ്‌ഫോഡിനോട് 3-1 നു…
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിന് അപ്രതീക്ഷിത തോല്‍വി. സ്വന്തം തട്ടകമായ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ബ്രെന്റ്‌ഫോഡിനോട് 3-1 നു തോറ്റു.
ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണു ടോട്ടനം മൂന്നു ഗോളുകള്‍ വഴങ്ങിയത്. തോല്‍വി ടോട്ടനത്തിന്റെ യൂറോപ്പ ലീഗ് യോഗ്യതകള്‍ക്കു തിരിച്ചടിയാണ്. 37 കളികളില്‍നിന്ന് 57 പോയിന്റ് നേടിയ ടോട്ടനം എട്ടാം സ്‌ഥാനത്താണ്. തൊട്ടു മുന്നിലുള്ള ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയോണ്‍ അവരുടെ അവസാന മൂന്ന് മത്സരങ്ങളില്‍ ഒന്ന് ജയിച്ചാല്‍ തന്നെ ടോട്ടനത്തിന്റെ യൂറോപ്പ ലീഗ് പ്രതീക്ഷകള്‍ അവസാനിക്കും. ബ്രൈറ്റണിനെ കഴിഞ്ഞ മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ് 4-1 നു തോല്‍പ്പിച്ചിരുന്നു.
ഇന്നലെ കളിയുടെ എട്ടാം മിനിറ്റില്‍ ഹാരി കെയ്‌ന്‍ ടോട്ടനത്തെ മുന്നിലെത്തിച്ചു. ദേജാന്‍ കുലുസെവ്‌കി എടുത്ത ഫ്രീകിക്കിനെ കെയ്‌ന്‍ ലക്ഷ്യത്തിലെത്തിച്ചു. കെയ്‌നിന്റെ ഈ സീസണിലെ 28-ാം ലീഗ് ഗോളായിരുന്നു അത്. ഒന്നാം പകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ ടോട്ടനത്തിനായി. രണ്ടാം പകുതിയില്‍ കളി മാറി. 50, 62 മിനിറ്റുകളില്‍ ടോട്ടനം വലയില്‍ പന്തെത്തി. ബ്രയാന്‍ എംബുവേമോയാണു രണ്ട് ഗോളുകളുമടിച്ചത്. 88-ാം മിനിറ്റില്‍ യോനെ വിസ കൂടെ ഗോളടിച്ചതോടെ ബ്രെന്റ്‌ഫോഡ് ജയം പൂര്‍ത്തിയാക്കി. ബ്രെന്റ്‌ഫോഡ് 56 പോയിന്റുമായി ഒന്‍പതാം സ്‌ഥാനത്താണ്.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് 1-0 ത്തിനു ബോണ്‍മൗത്തിനെ തോല്‍പ്പിച്ചു. മുന്‍ ചാമ്പ്യന്‍ ലിവര്‍പൂളിനെ ആസ്‌റ്റണ്‍ വില്ല 1-1 നു സമനിലയില്‍ കുരുക്കി. ഫുള്‍ഹാമും ക്രിസ്‌റ്റല്‍ പാലസും (2-2) തമ്മില്‍ നടന്ന മത്സരവും വോള്‍വര്‍ഹാംപ്‌റ്റണും എവര്‍ടണും തമ്മില്‍ നടന്ന മത്സരവും (1-1) സമനിലയില്‍ അവസാനിച്ചു. സമനിലയോടെ ലിവര്‍പൂളിന്റെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ അവസാനിച്ചു.
സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനു നല്ല തുടക്കം ലഭിച്ചില്ല. ജയം നിര്‍ബന്ധമായിരുന്ന അവര്‍ വില്ലയുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ തുടക്കത്തില്‍ തന്നെ പതറി. 21-ാം മിനിറ്റില്‍ ആസ്‌റ്റണ്‍ വില്ലക്ക് ഒരു പെനാല്‍റ്റിയും ലഭിച്ചു. ഒലി വാറ്റ്‌കിന്‍സ് എടുത്ത പെനാല്‍റ്റി ലക്ഷ്യം കണ്ടില്ല. അഞ്ചു മിനിറ്റുകള്‍ക്കു ശേഷം ജേകബ് റാംസിയിലൂടെ വില്ല ലീഡ് നേടി.
55-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഗാക്‌പോയിലൂടെ ഗോളടിച്ചെങ്കിലും വാര്‍ ഓഫ്‌സൈഡാ ണെന്നു കണ്ടെത്തി. കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കേ റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിന്റെ തോല്‍വി ഒഴിവാക്കി.
ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാലും ലിവര്‍പൂള്‍ ആദ്യ നാലിലെത്തില്ല. 37 കളികളില്‍നിന്ന് 66 പോയിന്റ് നേടിയ അവര്‍ അഞ്ചാം സ്‌ഥാനത്താണ്. 58 പോയിന്റ് നേടിയ ആസ്‌റ്റണ്‍ വില്ല ഏഴാം സ്‌ഥാനത്താണ്. എ.എഫ്.സി. ബോണ്‍മൗത്തിനെ തോല്‍പ്പിച്ചതോടെ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കുന്നതിന് അടുത്തായി. ബോണ്‍മൗത്തിനെ തോല്‍പ്പിക്കുകയും ലിവര്‍പൂള്‍ ആസ്‌റ്റണ്‍ വില്ലയോടെ സമനില വഴങ്ങുകയും ചെയ്‌തതോടെയാണ് യുണൈറ്റഡിന്റെ സാധ്യതകള്‍ തെളിഞ്ഞത്. ഇനി രണ്ടു മത്സരങ്ങളില്‍നിന്ന് ഒരു പോയിന്റ് നേടിയാല്‍ യുണൈറ്റഡ് ആദ്യ നാലിലെത്തും. 36 കളികളില്‍നിന്ന് 69 പോയിന്റ നേടിയ അവര്‍ നാലാം സ്‌ഥാനത്താണ്. ബോണ്‍മൗത്തിന്റെ തട്ടകമായ വിറ്റാലിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ കാസെമിറോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഒരു ബൈ സൈക്കിള്‍ കിക്കിലൂടെയാണു കാസെമിറോ യുണൈറ്റഡിന് ലീഡ് നല്‍കിയത്. ക്രിസ്‌റ്റ്യന്‍ എറിക്‌സണ്‍ നല്‍കിയ ക്രോസാണു ബൈ സൈക്കിള്‍ കിക്കിലൂടെ കാസെമിറോ വലയിലെത്തിച്ചത്.