മെഡിസെപ് ഡേറ്റ തിരുത്താൻ ഇനി മൂന്നുദിനം കൂടി
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ഡേറ്റയിൽ തിരുത്തലും കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടത്താനുള്ള സമയപരിധി അവസാനിക്കാൻ മൂന്നുദിനം മാത്രം. ഗുണഭോക്താവിന്റെയും ആശ്രിതരുടെയും…
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ഡേറ്റയിൽ തിരുത്തലും കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടത്താനുള്ള സമയപരിധി അവസാനിക്കാൻ മൂന്നുദിനം മാത്രം. ഗുണഭോക്താവിന്റെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങൾ തിരുത്താനും ആശ്രിതരെ പുതുതായി ഉൾപ്പെടുത്താനും ഉള്ളവരെ നീക്കം ചെയ്യാനും 20ന് മുമ്പ് തന്നെ അപേക്ഷ നൽകണം. ജീവനക്കാർ ഡി.ഡി.ഒമാർക്കും പെൻഷൻകാർ ട്രഷറി ഓഫിസർക്കുമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ വിവരങ്ങൾ ഡി.ഡി.ഒമാരും ട്രഷറി ഓഫിസർമാരും 22ന് മുമ്പ് മെഡിസെപ് ഡേറ്റയിൽ തിരുത്തി വെരിഫൈ ചെയ്യണമെന്നാണ് നിർദേശം.
ഇത്തരത്തിൽ ചേർക്കുന്ന വിവരങ്ങളായിരിക്കും ഇൻഷുറൻസ് കമ്പനി അനുവദിക്കുന്ന പുതിയ മെഡിസെപ് കാർഡിലുണ്ടാകുക. സമയപരിധിക്ക് ശേഷം ഡി.ഡി.ഒമാരുടെയും ട്രഷറി ഓഫിസർമാരുടെയും സഹായത്തോടെ സ്റ്റാറ്റസ് റിപ്പോർട്ട് തിരുത്തിയാലും മെഡിസെപ് കാർഡിൽ വിവരങ്ങൾ ചേർക്കില്ല. 2022 ആഗസ്റ്റ് 25ന് ശേഷം നവജാത ശിശുക്കൾ, പുതുതായി വിവാഹം കഴിയുന്നവർ എന്നീ വിഭാഗക്കാർ ഒഴികെ ആശ്രിത വിവരങ്ങൾ തിരുത്തുന്നത് മെഡിസെപ് കാർഡിൽ പ്രതിഫലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും ഗുണഭോക്താക്കൾ തുടർന്നും പ്രൊഫൈലിൽ തിരുത്തൽ വരുത്തിയിരുന്നു. കാർഡിൽ തിരുത്തിയ വിവരങ്ങൾ ഇല്ലെന്നുകാട്ടി നിരവധി പരാതികളുമെത്തി. തുടർന്നാണ് കാർഡിൽ വിവരങ്ങൾ ഉൾപ്പെടുന്ന രീതിയിൽ തിരുത്തൽ വരുത്താൻ അവസാന അവസരം അനുവദിച്ചത്. സമയപരിധിക്കുള്ളിൽ തിരുത്തൽ വരുത്തി വെരിഫൈ ചെയ്തതിനുശേഷം സാങ്കേതിക പിഴവുകൾ കാരണം മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യാനായില്ലെങ്കിൽ മാത്രം 1800 425 1857 ടോൾ ഫ്രീ നമ്പറിലോ മെഡിസെപ് സ്റ്റേറ്റ് നോഡൽ സെല്ലിലെ ഐ.ടി മാനേജർക്ക് sncmedisep@gmail.com ഇ-മെയിലിലോ പരാതി സമർപ്പിക്കാം.