‘മോൻസൺ പോക്‌സോ കേസിലെ പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ സുധാകരൻ മോൻസന്റെ വീട്ടിലുണ്ടായിരുന്നു’; ഗുരുതര ആരോപണവുമായി എം.വി. ഗോവിന്ദൻ
മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെപിസിസി അദ്ധ്യക്ഷൻ സുധാകരൻ അവിടെയുണ്ടായിരുന്നതായി ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഭവം അറിഞ്ഞിട്ടും സുധാകരൻ പ്രതികരിക്കാൻ തയ്യാറായില്ലെന്നും ഇര…
മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെപിസിസി അദ്ധ്യക്ഷൻ സുധാകരൻ അവിടെയുണ്ടായിരുന്നതായി ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഭവം അറിഞ്ഞിട്ടും സുധാകരൻ പ്രതികരിക്കാൻ തയ്യാറായില്ലെന്നും ഇര മൊഴി നൽകിയതായി ഗോവിന്ദൻ പറഞ്ഞു. അതേ കുറിച്ച് ചോദിച്ചറിയാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്. അദ്ദേഹത്തെ ഉടൻ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിൽ ഉന്നയിക്കപ്പെട്ട 13 കുറ്റങ്ങളിൽ 10 ലും മോൻസൺ കുറ്റക്കാരനാണെന്ന് കോടതി വിധി പ്രസ്താവത്തിൽ നിരീക്ഷിച്ചിരുന്നു. കോടതി വിധിയ്‌ക്ക് ഒരു ദിവസത്തിന് ശേഷമാണ് സംഭവത്തിൽ കെപിസിസി അദ്ധ്യക്ഷനെ പ്രതി സ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തുവന്നിരിക്കുന്നത്.
താൻ മാദ്ധ്യമങ്ങൾക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പറഞ്ഞു. എസ്എഫ്‌ഐയ്‌ക്കും സർക്കാരിനുമെതിരെ പ്രതികരിച്ചവർക്കെതിരെ കേസെടുക്കുമെന്നും താൻ പറഞ്ഞിട്ടില്ല. കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നാണ് പറഞ്ഞിട്ടുള്ളത്. മാദ്ധ്യമങ്ങൾ ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമായി കള്ളപ്രചരണം നടത്തുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു.