ധോനിക്ക് നാൽപ്പത്തിരണ്ടാം പിറന്നാൾ; ആശംസകളും ആഹ്ലാദ പ്രകടനങ്ങളുമായി ആരാധകർ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘തല‘യുമായ മഹേന്ദ്ര സിംഗ് ധോനിക്ക് ഇന്ന് നാൽപ്പത്തിരണ്ടാം പിറന്നാൾ. പ്രിയ താരത്തിന്റെ പിറന്നാൾ…
;ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘തല‘യുമായ മഹേന്ദ്ര സിംഗ് ധോനിക്ക് ഇന്ന് നാൽപ്പത്തിരണ്ടാം പിറന്നാൾ. പ്രിയ താരത്തിന്റെ പിറന്നാൾ ആഹ്ലാദാരവങ്ങളോടെ ആഘോഷിക്കാൻ ഒരുങ്ങുകയാണ് ആരാധകർ. ആഘോഷങ്ങളുടെ ഭാഗമായി ധോനിയുടെ 52 അടി ഉയരമുള്ള പടുകൂറ്റൻ കട്ടൗട്ടാണ് ഹൈദരാബാദിൽ ഒരുങ്ങിയിരിക്കുന്നത്.
2004 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ധോനി, കളിക്കാരൻ എന്ന നിലയിലും ക്യാപ്ടൻ എന്ന നിലയിലും ഒരുപിടി റെക്കോർഡുകൾ സ്വന്തം പേരിലാക്കി, 2020ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി അഞ്ചാമത് ഐപിഎൽ കിരീടം കഴിഞ്ഞ മാസം സ്വന്തമാക്കിയ ധോനി, ഇന്നും പ്രതാപം മങ്ങാത്ത പടക്കുതിരയാണ്.
1999-200 കാലഘട്ടത്തിലായിരുന്നു ആഭ്യന്തര ക്രിക്കറ്റിൽ ധോനിയുടെ അരങ്ങേറ്റം. ഏകദിനങ്ങളിൽ 10,773 റൺസും ട്വന്റി 20യിൽ 1,617 റൺസും ടെസ്റ്റിൽ 4,876 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. 2005ൽ ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ നേടിയ 186 റൺസാണ് ഏകദിനത്തിലെ ഉയർന്ന സ്കോർ. ഏകദിന ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്.
200ലധികം എകദിന മത്സരങ്ങളിൽ ടീമിനെ നയിച്ച ഒരേയൊരു ഏഷ്യൻ ക്യാപ്ടനാണ് മഹേന്ദ്ര സിംഗ് ധോനി. ക്യാപ്ടൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം ധോനിയാണ്. ക്യാപ്ടൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ് ധോനിക്കാണ്.
11 ഐപിഎൽ ഫൈനലുകൾ കളിച്ച ഏക താരം, 5 ഐപിഎൽ കിരീടങ്ങൾ എന്ന നേട്ടത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കൊപ്പം എന്നിവയും ധോനിയുടെ സുപ്രധാന നാഴികക്കല്ലുകളാണ്. ഐപിഎല്ലിൽ നൂറിലധികം വിജയങ്ങൾ നേടിയ ഒരേയൊരു ക്യാപ്ടനും ധോനിയാണ്.
2013ലെ ചെന്നൈ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ധോനി നേടിയ 224 റൺസ് ഒരു ഇന്ത്യൻ ക്യാപ്ടൻ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ്. ആദ്യ ഹോം- എവേ ടെസ്റ്റ് പരമ്പരകൾ നേടുന്ന ആദ്യ ക്യാപ്ടൻ, തുടർച്ചയായ അഞ്ച് പരമ്പര വിജയങ്ങൾ നേടുന്ന ഒരേയൊരു ഇന്ത്യൻ ക്യാപ്ടൻ എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ഒരേയൊരു ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് ധോനി.
ട്വന്റി 20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും ഉൾപ്പെടെ 3 ഫോർമാറ്റുകളിലെയും ഐസിസി കിരീടങ്ങൾ നേടിയ ഒരേയൊരു ക്യാപ്ടൻ ധോനിയാണ്. ഒരു ഏകദിന ഇന്നിംഗ്സിൽ ആദ്യമായി 10 സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം, ഏകദിനത്തിൽ നൂറിലധികം സ്റ്റമ്പിംഗുകളുള്ള ഒരേയൊരു വിക്കറ്റ് കീപ്പർ എന്നീ നേട്ടങ്ങളും ധോനിയുടെ പേരിലാണ്.
2009ൽ ഇന്ത്യ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്തുന്നത് ധോനിയുടെ ക്യാപ്ടൻസിക്ക് കീഴിലാണ്. 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ 2011ൽ ഏകദിന ലോക ചാമ്പ്യന്മാരാകുമ്പോൾ 79 പന്തിൽ പുറത്താകാതെ 91 റൺസ് നേടിയ ധോനിയുടെ ഫിനിഷിംഗ് സിക്സർ ലോക ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ചിത്രമാണ്.