ഒരു ചുമലിൽ 101 വയസുള്ള മുത്തശ്ശി, മറുചുമലിൽ മഹാദേവന് അഭിഷേകം ചെയ്യാനുള്ള ഗംഗാ ജലം; ഭക്തിയുടെ ആവേശം നിറച്ച് യുവാവിന്റെ കൻവാർ യാത്ര
ഉത്തർ പ്രദേശ്: ബാഹുക്കൾക്ക് ബലമുള്ളവനാണ് യഥാർത്ഥ ബാഹുബലിയെങ്കിൽ ഇതാ, മുപ്പത്തിയഞ്ച് വയസുകാരനായ നിർമാണ തൊഴിലാളി ദേവകുമാറാണ് ആ പേരിന് അർഹൻ. ഹരിദ്വാറിൽ നിന്ന് ഖുർജയിലെ തന്റെ ജന്മനാടായ…
ഉത്തർ പ്രദേശ്: ബാഹുക്കൾക്ക് ബലമുള്ളവനാണ് യഥാർത്ഥ ബാഹുബലിയെങ്കിൽ ഇതാ, മുപ്പത്തിയഞ്ച് വയസുകാരനായ നിർമാണ തൊഴിലാളി ദേവകുമാറാണ് ആ പേരിന് അർഹൻ. ഹരിദ്വാറിൽ നിന്ന് ഖുർജയിലെ തന്റെ ജന്മനാടായ ധരൗവിലേക്കാണ് ദേവകുമാറിന്റെ യാത്ര. ഒരു ചുമലിൽ 101 വയസ്സുള്ള മുത്തശ്ശി സരസ്വതി ദേവിയെയും മറുചുമലിൽ മഹാദേവന് അഭിഷേകത്തിനുള്ള ഗംഗാ ജലവും വഹിച്ചുകൊണ്ട് ഏകദേശം 270 കിലോമീറ്ററാണ് അദ്ദേഹം കാൽനടയായി സഞ്ചരിക്കുക.
ജൂലൈ 1-ന് ഹരിദ്വാറിൽ നിന്ന് പുറപ്പെട്ട ദേവ് വെള്ളിയാഴ്ച ഉത്തർ പ്രദേശിലെ ഗാസിയാബാദിലെത്തി. ശിവ ഭക്തർ ഉത്തരാഖണ്ഡിൽ നിന്ന് ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, തുടങ്ങിയ തങ്ങളുടെ ജന്മനാട്ടിലേക്ക് ഗംഗാജലം പാത്രങ്ങളിൽ എത്തിക്കുന്ന വാർഷിക യാത്രയാണ് കൻവാർ യാത്ര. ഇത് തന്റെ പതിനൊന്നാമത്തെ കൻവാർ യാത്രയാണെന്നും, ഇത്തവണ മുത്തശ്ശിയെകൂടി ഹരിദ്വാറിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത് അവർക്കും തന്റെ തോളിലിരുന്ന് ഭഗവാനെ തൊഴാൻ സാധിക്കുമല്ലോ എന്ന് കരുതിയാണെന്നും ദേവ് പറഞ്ഞു. 48 കിലോഗ്രാം വരുന്ന മുത്തശ്ശിയുടെ ഭാരം തുലനം ചെയ്യുന്നതിന് വേണ്ട ക്രമീകരണങ്ങൾ ദേവകുമാർ സജ്ജീകരിച്ചിട്ടുണ്ട്. മുളയുടെ രണ്ട് ദ്രുവങ്ങളിലും തുല്യത വരാൻ ഒരു വശത്ത് മുത്തശ്ശിയെയും മറുവശത്ത് തുല്യ അളവിൽ ഗംഗാജലം നിറച്ച പാത്രങ്ങളുമാണ് ദേവ് കൊണ്ടുപോകുന്നുത്.
ആകെ ഏകദേശം 52 കിലോഗ്രാം ഭാരമാണ് ദേവകുമാറിന് ചുമക്കേണ്ടത്. ഡൽഹി-മീററ്റ് റോഡിലെ രാജ് നഗർ എക്സ്റ്റൻഷൻ ക്രോസിംഗിൽ എത്തിയ ശേഷം ബാക്കിയുള്ള 70 കിലോമീറ്ററും സഞ്ചരിച്ച് ദേവും മുത്തശ്ശിയും വെള്ളിയാഴ്ച രാവിലെ അവരുടെ ഗ്രാമമായ ധാരാസുവിലെത്തി.
ഹരിദ്വാറിൽ നിന്ന് കൻവാറിലെക്കുള്ള വഴിയിലുടനീളം ആളുകളുടെ വലിയ പിന്തുണയും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയായിരുന്നു ദേവിന്റെ യാത്ര. ഓരോ 20-25 കിലോ മീറ്റർ കൂടുമ്പോഴും നടത്തത്തിൽ നിന്ന് ഇടവേളകളെടുത്തും, ഗാസിയാബാദിൽ നിന്ന് ഓരോ 10 കിലോമീറ്ററിലും വിശ്രമിച്ചുമാണ് ദേവ് തന്റെ യാത്ര പൂർത്തിയാക്കിയത്. മുത്തശ്ശിയുടെ കാലിൽ നീരുവന്നതിനാൽ ഇടയ്ക്കിടെ വിശ്രമം ആവശ്യമായിരുന്നു. ദേവിന് യാത്ര കഠിനമായ പരിശ്രമത്തിന്റെ പ്രതീകമായിരുന്നെങ്കിൽ മുത്തശ്ശിക്ക് അത് തന്റെ പ്രായത്തെ കീഴടക്കുന്നതായിരുന്നു. മോശം കാലാവസ്ഥയും ധാരാളം മഴയും നേരിടേണ്ടി വന്നെങ്കിലും ദേവ് തളരാതെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
ഹരിദ്വാർ, ഋഷികേശ്, യമുനോത്രി, ഗംഗോത്രി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഗംഗാജലം ശേഖരിച്ച് തങ്ങളുടെ പ്രാദേശിക ക്ഷേത്രങ്ങളിലെ ശിവ ഭഗവാനു സമർപ്പിക്കുന്നതിനായി, ഹിന്ദുക്കൾ ശ്രാവണ മാസത്തിൽ ആരംഭിക്കുന്ന യാത്രയാണ് കൻവാർ യാത്ര. തീർഥാടകരിൽ ഭൂരിഭാഗവും കാൽനടയായാണ് യാത്രചെയ്യുന്നത്. എന്നാൽ ഇരുചക്രവാഹനങ്ങളിലും ട്രക്കുകളിലും പോകുന്നവരുമുണ്ട്.