ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ തന്നെ ബംഗ്ലാദേശ് ക്യാപ്റ്റനെ വീഴ്ത്തി ; വയനാടിന്റെ മിന്നുമണിയ്ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ സൂപ്പര്‍ തുടക്കം..!
ബംഗ്‌ളാദേശിലെ മിര്‍പൂര്‍ ഷേര്‍ ഇ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷമീമ സുല്‍ത്താനയുടെ വിക്കറ്റ് വീണപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ്…
ബംഗ്‌ളാദേശിലെ മിര്‍പൂര്‍ ഷേര്‍ ഇ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷമീമ സുല്‍ത്താനയുടെ വിക്കറ്റ് വീണപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു മിന്നുന്ന നിമിഷം പിറന്നു. വയനാടിന്റെ ഗോത്രമേഖലയില്‍ നിന്നുള്ള മിന്നുമണി (24) രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിക്കുകയായിരുന്നു.
മാനന്തവാടി ഒണ്ടയങ്ങാടി എടപ്പടിയിലെ മണിയുടെയും വസന്തയുടെയും മകളാണു മിന്നുമണി. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ആദ്യ മലയാളികൂടിയായി കേരളത്തിനു മിന്നു. ബംഗ്‌ളാദേശിനെതിരേ ഇന്ത്യ ഏഴ് വിക്കറ്റിനു ജയിച്ചു. മൂന്ന് ഓവര്‍ എറിഞ്ഞ മിന്നു 21 റണ്‍ വഴങ്ങി ഒരു വിക്കറ്റെടുത്തു. ബംഗ്ലാദേശിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു മിന്നുവിന്റെ അരങ്ങേറ്റം. 13 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 17 റണ്‍സെടുത്തു നില്‍ക്കെയാണു മിന്നുവിന്റെ ഇരയായി ഷമീമ മാറിയത്.
സ്‌ക്വയര്‍ ലെഗിലേക്ക് ഉയര്‍ത്തിയടിച്ച ഷമീമ സുല്‍ത്താനയെ ജമീമ റോഡ്രിഗസ് അനായാസം കൈയിലൊതുക്കി. ഇടംകൈ ബാറ്ററും വലംകൈയന്‍ ഓഫ് സ്പിന്നറുമാണു മിന്നു. ഇന്ത്യ എ ടീമിനായി കളിച്ചു തിളങ്ങിയാണു മിന്നു ദേശീയ ടീമിലെത്തിയത്. വനിതാ ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് 30 ലക്ഷം രൂപയ്ക്കാണു മലയാളി ഓള്‍റൗണ്ടറെ സ്വന്തമാക്കിയത്.
ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂവിന്റെ താരവുമായി. കേരളം അണ്ടര്‍ 23 ദേശീയ ചാമ്പ്യന്‍മാരായപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററുമായി. ഐ.പി.എല്ലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. കുറിച്യ സമുദായക്കാരിയാണു മിന്നു. മാനന്തവാടി ഒണ്ടയങ്ങാടിയിലാണു വീട്.