കോഴിക്കറിയ്ക്ക് ഉപ്പ് കുറഞ്ഞു; ഹോട്ടലിൽ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു
കൊല്ലം: മാമ്മൂട് ഹോട്ടലിൽ കോഴിക്കറിയ്ക്ക് ഉപ്പ് കുറഞ്ഞ് പോയതിന്റെ പേരിൽ സംഘർഷം. മൂന്ന് പേർക്ക് കുത്തേറ്റു. മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടലിൽ ഇന്ന് പുലർച്ചെ…
കൊല്ലം: മാമ്മൂട് ഹോട്ടലിൽ കോഴിക്കറിയ്ക്ക് ഉപ്പ് കുറഞ്ഞ് പോയതിന്റെ പേരിൽ സംഘർഷം. മൂന്ന് പേർക്ക് കുത്തേറ്റു. മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടലിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ (31), മുഹമ്മദ് അൻസർ (29), തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് (35) എന്നിവർക്കാണ് കുത്തേറ്റത്. ഇവർക്ക് പുറമേ സംഘർഷത്തിൽ അടിയേറ്റ് പ്രിൻസിന്റെ മാതൃസഹോദരൻ റോബിൻസൻ (40), സുഹൃത്ത് അരുൺ (23), ഷാഫിനിന്റെ ഡ്രൈവർ റഷീദിൻ ഇസ്ലാം എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. കേരളത്തിൽ നിന്നും ചക്ക ശേഖരിച്ച് തമിഴ്‌നാട്ടിൽ കൊണ്ട് പോയി വിൽപ്പന നടത്തുന്നവരാണ് തമിഴ്‌നാട് സ്വദേശികൾ. ചക്കയുമായി പോകുന്നതിനിടെ ഇവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങുകയായിരുന്നു.
പൊറോട്ടയും ചിക്കൻ കറിയുമായിരുന്നു ഇവർ കഴിക്കാനായി വാങ്ങിയത്. കഴിക്കുന്നതിനിടെ കറിയ്ക്ക് ഉപ്പ് കുറവാണെന്ന് പ്രിൻസ് റോബിൻസണിനോട് പറയുകയായിരുന്നു. ഇതോടെ റോബിൻസൺ ഹോട്ടൽ ജീവനക്കാരോട് ഇത് പറഞ്ഞു. എന്നാൽ ഇത് വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നു. ഷഫീൻ റോബിൻസണിനെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഹോട്ടൽ വിട്ട സംഘം അരുണുമായി തിരികെ എത്തുകയായിരുന്നു.
വീണ്ടും ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതാണ് കത്തിക്കുത്തിൽ കലാശിച്ചത്. പ്രിൻസും റോബിൻസണുമാണ് ഇവരെ കുത്തിയത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികൾക്കും ഹോട്ടൽ ഉടമകൾക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്.