ബസിറങ്ങിയപ്പോള്‍ കണ്ടത് സ്വന്തം മരണാനന്തര ചടങ്ങ്!; ജീവനോടെ വന്ന 'പരേതനെ' കണ്ട് ഞെട്ടി നാട്ടുകാര്‍
ആലുവ: ജോലിക്ക് പോയ വയോധികന്‍ മരിച്ചെന്നു മറ്റൊരു മൃതദേഹം സംസ്‌കരിച്ച് ബന്ധുക്കള്‍. സംസ്‌കാര ചടങ്ങുകള്‍ നടത്തി ഏഴാം ദിവസം വയോധികന്‍ തിരിച്ചെത്തി.ചുണങ്ങുംവേലിയില്‍ ഔപ്പാടന്‍ ദേവസി മകന്‍ ആന്റണിയാണ്…
ആലുവ: ജോലിക്ക് പോയ വയോധികന്‍ മരിച്ചെന്നു മറ്റൊരു മൃതദേഹം സംസ്‌കരിച്ച് ബന്ധുക്കള്‍. സംസ്‌കാര ചടങ്ങുകള്‍ നടത്തി ഏഴാം ദിവസം വയോധികന്‍ തിരിച്ചെത്തി.ചുണങ്ങുംവേലിയില്‍ ഔപ്പാടന്‍ ദേവസി മകന്‍ ആന്റണിയാണ് ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയപ്പോള്‍ പള്ളിസെമിത്തേരിയില്‍ സ്വന്തം മരണാനന്തര ചടങ്ങുകള്‍ നടക്കുന്നത് കണ്ടത്! അവിവാഹിതനായ ആന്റണി മൂവാറ്റുപുഴ ഭാഗത്ത് ചെറിയ തൊഴിലെടുത്ത് അവിടെ തന്നെ താമസിക്കുകയായിരുന്നു. അവിടെ നിന്ന് ഇന്നലെ നാട്ടിലെത്തിയപ്പോഴാണ്, താന്‍ മരിച്ചതിന്റെ ഏഴാംദിന ചടങ്ങുകള്‍ ചുണങ്ങംവേലിയിലെ സെമിത്തേരിയില്‍ നടക്കുന്ന വിവരം അറിഞ്ഞത്.
ശവസംസ്‌കാര ചടങ്ങുകളില്‍ സജീവമായി പങ്കെടുത്ത അയല്‍ക്കാരന്‍ സുബ്രമണ്യന്‍ ചുണങ്ങംവേലിയില്‍ നില്‍ക്കുമ്പോഴാണ് 'പരേതന്‍' നാട്ടില്‍ വന്നിറങ്ങുന്നത് കണ്ടത്. ആന്റണി ബസിറങ്ങുന്നത് കണ്ടതോടെ സുബ്രമണ്യന്‍ ഒന്നമ്പരന്നു. താന്‍ കണ്ടത് സ്വപ്നമല്ലെന്ന് മനസിലാക്കിയ അദ്ദേഹം ഉടനെ പഞ്ചായത്തംഗങ്ങളെയടക്കം വിളിച്ച് വരുത്തി. അവരെത്തിയാണ് ഒറിജിനല്‍ ആന്റണി ഇതുതന്നെയാണെന്ന് ഉറപ്പ് വരുത്തിയത്.
ഏഴ് ദിവസം മുമ്പാണ് അങ്കമാലിക്കടുത്തുവെച്ച് അപകടത്തില്‍ ആന്റണി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മരിച്ച അജ്ഞാതന്റെ ഫോട്ടോ കണ്ട പരിചയക്കാരനാണ് പൊലീസിനോടും ബന്ധുക്കളോടും ഇത് ആന്റണിയാണെന്ന സംശയം പറഞ്ഞത്. ഉടന്‍ വാര്‍ഡ് അംഗങ്ങളായ സ്‌നേഹ മോഹനന്റെയും ജോയുടെയും നേതൃത്വത്തില്‍ നാലു സഹോദരിമാരും ആശുപത്രിയിലെത്തി മൃതദേഹം കണ്ട് സ്ഥിരീകരിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
തിങ്കളാഴ്ച ഏഴാം ദിന മരണാനന്തര ചടങ്ങുകളായിരുന്നു ഇന്ന് പള്ളിയില്‍ നടന്നത്. ബന്ധുക്കളടക്കം കല്ലറയില്‍ പ്രാര്‍ഥനയും നടത്തി പൂക്കളും വച്ച് പിരിഞ്ഞപ്പോഴാണ് ഇതൊന്നുമറിയാതെ ആന്റണിയുടെ വരവ്. കാര്യങ്ങളറിഞ്ഞ ആന്റണി ജനനവും മരണവും രേഖപ്പെടുത്തിയ 'സ്വന്തം കല്ലറ' കാണാനെത്തി.
തുടര്‍ന്ന് അങ്കമാലി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ഇദ്ദേഹത്തിന് കുറച്ച് ദിവസത്തേക്ക് സംരക്ഷണമൊരുക്കിയിരിക്കുകയാണ് നാട്ടുകാര്‍. കോട്ടയം സ്വദേശി രാമചന്ദ്രന്‍ എന്നയാള്‍ക്ക് തന്റെ രൂപസാദൃശ്യമുണ്ടെന്നും മരണപ്പെട്ടത് അയാളായിരിക്കാമെന്നും ആന്റണി പറയുന്നു.