ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ‌

ഇന്ന് വിജയദശമി. കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച് അക്ഷര…

By :  Editor
Update: 2023-10-23 22:05 GMT

ഇന്ന് വിജയദശമി. കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ എത്തിയിട്ടുള്ളത്.

എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് കൊല്ലൂർ മൂകാംബിക, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിച്ചു.

50 ആചാര്യന്മാർ ആണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. മുപ്പത്തി അഞ്ച് ആചാര്യൻമാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും വിദ്യാരംഭത്തിനായി പതിനായിരങ്ങളാണ് രാവിലെ തന്നെ എത്തിച്ചേർന്നിട്ടുള്ളത്.

പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പുസ്തകങ്ങളും ആയുധങ്ങളും മറ്റും പൂജക്ക് വെച്ചിട്ടുണ്ട്. വിജയദശമി ദിനത്തിലെ സരസ്വതി പൂജയ്ക്ക് ശേഷം പൂജയെടുപ്പ് നടക്കും.

Similar News