ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസവും ചൈനയുടെ ആധിപത്യം
തിരുവനന്തപുരം: ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസവും ചൈനയുടെ ആധിപത്യം. പുരുഷ-വനിതാ വിഭാഗം ക്രോസ് കൺട്രി എലിമിനേറ്റർ മത്സരങ്ങളിലെ സ്വർണവും വെള്ളിയും ചൈന നേടി.…
തിരുവനന്തപുരം: ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസവും ചൈനയുടെ ആധിപത്യം. പുരുഷ-വനിതാ വിഭാഗം ക്രോസ് കൺട്രി എലിമിനേറ്റർ മത്സരങ്ങളിലെ സ്വർണവും വെള്ളിയും ചൈന നേടി. 450 മീറ്റർ ദൂരം കുത്തനെ കയറ്റിറക്കങ്ങളുള്ള ട്രാക്കിൽ രണ്ടു ലാപ് പൂർത്തിയാക്കേണ്ടതാണ് ക്രോസ് കൺട്രി എലിമിനേറ്റർ മത്സരം.
പുരുഷന്മാരിൽ ലിയൂ ക്സിയൻജിങ് സ്വർണവും യുൻ ജെൻവെയ് വെള്ളിയും നേടി. സിംഗപ്പൂരിന്റെ റിയാദ് ഹക്കിം ബിൻ ലുക്മാൻ വെങ്കലം നേടി. പുരുഷന്മാരുടെ ക്രോസ് കൺട്രി ഒളിമ്പിക് മത്സരത്തിലും ലിയൂ ക്സിയൻജിങ് സ്വർണവും യുൻ ജെൻവെയ് വെള്ളിയും നേടിയിരുന്നു. ഈ വിജയത്തോടെ ലിയൂ ക്സിയൻജിങ് ഒളിമ്പിക്സ് യോഗ്യതയും സ്വന്തമാക്കിയിരുന്നു.
വനിതകളുടെ ക്രോസ് കൺട്രി എലിമിനേറ്ററിൽ ചൈനയുടെ വൂ സിഫാൻവൂ സിഫാൻ സ്വർണവും യാങ് മക്വോ വെള്ളിയും നേടി. ചൈനീസ് തായ്പേയുടെ സായ് യായും വെങ്കലം നേടി. ക്രോസ് കൺട്രി വിഭാഗത്തിൽ ക്രോസ് കൺട്രി റിലേ, ക്രോസ് കൺട്രി ഒളിമ്പിക്, ക്രോസ് കൺട്രി എലിമിനേറ്റർ മത്സരങ്ങളിലെ ഭൂരിഭാഗം മെഡലും പുരുഷ-വനിത വിഭാഗങ്ങളിലെ ഒളിമ്പിക്സ് യോഗ്യതയും ചൈന സ്വന്തമാക്കി. നാലു ദിവസമായി പൊന്മുടിയിൽ നടന്ന ചാമ്പ്യൻഷിപ് ഞായറാഴ്ച സമാപിച്ചു.