ഡപ്യൂട്ടി തഹസിൽദാരെ മർദിച്ച കേസ്; മഞ്ചേശ്വരം എംഎൽഎയ്ക്ക് തടവുശിക്ഷ
കാസർകോട്: മഞ്ചേശ്വരം എം എൽ എയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. എ കെ എം അഷ്റഫിനാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു…
കാസർകോട്: മഞ്ചേശ്വരം എം എൽ എയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. എ കെ എം അഷ്റഫിനാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി തഹസിൽദാരെ മർദിച്ച കേസിലാണ് ശിക്ഷ. സാക്ഷികളില്ലാത്ത കേസാണെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നും എം എൽ എ പറഞ്ഞു.
2010 നവംബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന പേരു ചേർക്കൽ അപേക്ഷ പരിശോധനയിൽ ബങ്കര മഞ്ചേശ്വരത്ത് താമസിക്കുന്ന മെെസൂരു സ്വദേശി മുനാവുർ ഇസ്മായിലിന്റെ അപേക്ഷ ഡപ്യൂട്ടി തഹസിൽദാർ എ ദാമോദരൻ നിരസിച്ചിരുന്നു. മെെസൂരുവിൽ നിന്നുള്ള വോട്ടർപട്ടിക വിടുതൽ രേഖ ഇല്ലെന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്.
ബന്ധപ്പെട്ട രേഖ ഹാജരാക്കിയാൽ പേരു ചേർക്കാൻ അവസരം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. തുടർന്ന് ദാമോദരനെ അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന എ കെ എം അഷ്റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുള്ള കജ, ബഷീർ കനില തുടങ്ങിയ 35 പേർ ചുറ്റും കൂടി കസേരയിൽ നിന്ന് തള്ളിയിട്ട് മർദിച്ചുവെന്നാണ് കേസ്. മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്.