നേപ്പാളിൽ ഇന്നലെ ഉണ്ടായത് വൻ ഭൂചലനം: 128 മരണം, നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 128 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ്…
;കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 128 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും പ്രകമ്പനമുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച രാത്രി 11.32-ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുരന്തനിവാരണ ഏജൻസികളടക്കം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.. ഭൂചലനത്തെത്തുടർന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായാണ് റിപ്പോർട്ട്.
റുകും ജില്ലയിൽ മാത്രമായി 35 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിരവധി പേരുടെ വീടുകൾ തകർന്നതായി പോലീസ് ഉദ്യോഗസ്ഥനായ നർവരാജ് ഭട്ടാറൈയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജാർക്കോട്ടിൽ 34 പേരുടെ മരണം സ്ഥിരീകരിച്ചതായി സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. അർധരാത്രിയിൽ രക്ഷാപ്രവർത്തനം പ്രയാസകരമായിരുന്നെന്നും എങ്കിലും ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഉദ്യോഗസ്ഥനായ ഹരീഷ് ചന്ദ്ര ശർമ്മ പറഞ്ഞു.