രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയത് അഴിമതി മറയ്ക്കാനെന്ന് എസ്എഫ്‌ഐഒ; സിഎംആര്‍എല്‍ ഹര്‍ജി വിധി പറയാന്‍ മാറ്റി
സിഎംആര്‍എല്ലിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും എസ്എഫ്‌ഐഒ അറിയിച്ചു
ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണത്തെ ന്യായീകരിച്ച് ആദായനികുതി വകുപ്പ്. അഴിമതിപ്പണം സിഎംആര്‍എല്ലില്‍ നിന്നും കൈമാറിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കിയത് അഴിമതി മറയ്ക്കാനാണെന്ന് എസ്എഫ്‌ഐഒ വ്യക്തമാക്കി. സിഎംആര്‍എല്ലിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും എസ്എഫ്‌ഐഒ അറിയിച്ചു. എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്റെ ഹര്‍ജി വിധി പറയാനായി ഡല്‍ഹി ഹൈക്കോടതി മാറ്റി.
കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നിയമപരമായി നിലനില്‍ക്കില്ലെന്നും അതിനാല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയത്. സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടിനെക്കുറിച്ചാണ് എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങിയത്. ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം തുടങ്ങിയത്.
സാധാരണ ഗതിയില്‍ ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡില്‍ വിഷയം വരികയും ഒരു ഉത്തരവ് വരികയും ചെയ്താല്‍ പിന്നീട് മറ്റൊരു അന്വേഷണം ചട്ടപ്രകാരമല്ലെന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചത്. സെറ്റില്‍മെന്റ് ബോര്‍ഡിന് ലഭിച്ച രേഖകള്‍ രഹസ്യ സ്വഭാവമുള്ളവയാണ്. ആ രേഖകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നത് ശരിയല്ലെന്നും സിഎംആര്‍എല്‍ വാദിച്ചു.
സാധാരണ ഗതിയില്‍ സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് നല്‍കിയാല്‍ കോടതിയില്‍ അത് ചോദ്യം ചെയ്യാമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ആ സാഹചര്യത്തില്‍ അന്വേഷണം നടത്തുന്നത് ചട്ടപ്രകാരം തെറ്റല്ല. രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ കൈമാറാന്‍ നിലവിലെ നിയമപ്രകാരം തടസ്സമില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. തുടര്‍ന്ന് ഇരുവിഭാഗങ്ങളോടും തങ്ങളുടെ വാദങ്ങള്‍ ഒരാഴ്ചയ്ക്കകം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.