ഐപിഎല്‍: കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് രാജസ്ഥാന്റെ ജയം

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത ഏഴ് പന്ത് ബാക്കിനില്‍ക്കേ…

By :  Editor
Update: 2018-04-18 23:30 GMT

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത ഏഴ് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് തിളങ്ങാനാകാതെ പോയതും കൊല്‍ക്കത്തന്‍ മധ്യനിരയുടെ മികച്ച പ്രകടനവുമാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്.

മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തുടക്കം അത്ര ശൂഭകരമായിരുന്നില്ല. അക്കൗണ്ട് തുറക്കും മുമ്പ് മൂന്നാം പന്തില്‍ കൂറ്റനടിക്കാരന്‍ ലിന്നിനെ ഗൗതം പുറത്താക്കി. മൂന്നാം വിക്കറ്റില്‍ നരെയ്ന്‍ ഉത്തപ്പ സഖ്യം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. എന്നാല്‍ 8.4 ഓവറില്‍ 25 പന്തില്‍ 35 റണ്‍സെടുത്ത നരെയ്ന്‍ റണൗട്ടായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി. റാണയ്‌ക്കൊപ്പം ഒരറ്റത്ത് ഉത്തപ്പ റണ്‍സ് കണ്ടെത്തിയപ്പോള്‍ കൊല്‍ക്കത്ത മുന്നേറി.

വീണ്ടുമൊരിക്കല്‍ കൂടി കൊല്‍ക്കത്ത പ്രതീക്ഷകള്‍ക്ക് മേല്‍ രാജസ്ഥാന്‍ അഞ്ഞടിച്ചു. 13ാം ഓവറിലെ മൂന്നാം പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു ഉത്തപ്പയെ ബൗണ്ടറിലൈനിനരികില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ സ്റ്റോക് പറഞ്ഞയച്ചു. 36 പന്തില്‍ 48 റണ്‍സെടുത്ത് സുരക്ഷിത നിലയിലായിരുന്നു പുറത്താകുമ്പോള്‍ ഉത്തപ്പ. സ്‌കോര്‍ 12.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 102.

നായകന്‍ ദിനേശ് കാര്‍ത്തിക്കും നിതീഷ് റാണയും കരുതലോടെ കളിച്ചപ്പോള്‍ കൊല്‍ക്കത്തന്‍ വിജയലക്ഷ്യം അവസാന നാല് ഓവറില്‍ 35 റണ്‍സ് ആയി ചുരുങ്ങി. സാഹസികതയ്ക്ക് മുതിരാതെ ഇരുവരും ഷോട്ടുകളുതിര്‍ത്തപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയം കണ്ടു. പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തില്‍ ലഗ്ലിനെ ഗാലറിയിലേക്ക് പറത്തി കാര്‍ത്തിക് കളിയവസാനിപ്പിക്കുകയായിരുന്നു. കാര്‍ത്തിക്(42), നിതീഷ് റാണ(35) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 160 റണ്‍സെടുത്തു. ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയും ആര്‍സി ഷോര്‍ട്ടും മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിര താളം കണ്ടെത്താത്തതാണ് രാജസ്ഥാനെ വലിയ സ്‌കോറില്‍ നിന്ന് അകറ്റിയത്. 44 റണ്‍സെടുത്ത ആര്‍സി ഷോര്‍ട്ടാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. നായകന്‍ അജിങ്ക്യ രഹാനെ 36 റണ്‍സെടുത്ത് പുറത്തായി.

സീസണില്‍ ആദ്യമായി സഞ്ജു(7) ബാറ്റിംഗില്‍! പരാജയപ്പെടുന്നതിന് ഹോം ഗ്രൗണ്ട് സാക്ഷിയായി. ത്രിപാദി(15), സ്‌റ്റോക്‌സ്(14), ഗൗതം(12) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. 24 റണ്‍സുമായി ബട്ട്‌ലറും റണ്ണൊന്നുമെടുക്കാതെ ഉനദ്കട്ടും പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി റാണയും കുരാനും രണ്ട് വിക്കറ്റ് വീതവും മാവി, ചൗള, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Similar News