തീർഥാടകത്തിരക്കിൽ സന്നിധാനം; ശബരിപീഠം മുതൽ നീളുന്ന ക്യു, നിയന്ത്രിക്കാൻ പാടുപെട്ട് പോലീസ്

തീർഥാടകരുടെ തിരക്ക് ശക്തമായതോടെ പടികയറാനുള്ള ക്യൂ ശബരിപീഠം മുതൽ നീളുന്നു. തുടർച്ചയായ 4ാം ദിവസവും ശബരിപീഠം തിങ്ങിനിറഞ്ഞ് തീർഥാടകരാണ്. ഇവരെ നിയന്ത്രിക്കാൻ വളരെ കുറച്ചു പൊലീസുകാരാണുള്ളത്. പ്രാഥമിക…

By :  Editor
Update: 2023-12-10 19:38 GMT

പ്രതീകാത്മക ചിത്രം

തീർഥാടകരുടെ തിരക്ക് ശക്തമായതോടെ പടികയറാനുള്ള ക്യൂ ശബരിപീഠം മുതൽ നീളുന്നു. തുടർച്ചയായ 4ാം ദിവസവും ശബരിപീഠം തിങ്ങിനിറഞ്ഞ് തീർഥാടകരാണ്. ഇവരെ നിയന്ത്രിക്കാൻ വളരെ കുറച്ചു പൊലീസുകാരാണുള്ളത്.

പ്രാഥമിക ആവശ്യത്തിനു പുറത്തിറങ്ങാൻ കഴിയാതെ വലഞ്ഞ കഥകളാണ് തീർഥാടകർക്ക് പറയാനുള്ളത്. മുൻവർഷങ്ങളിൽ ഒരിക്കലും പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം കടന്നുപോകാൻ അനുവദിക്കാറില്ല. കഴിഞ്ഞ 4 ദിവസമായി ശബരിപീഠവും കഴിഞ്ഞ് അപ്പാച്ചിമേടിന്റെ ഏറ്റവും മുകൾ ഭാഗം വരെ ക്യൂ നീണ്ടു. അവിടം മുതൽ താഴേക്ക് കുത്തനെയുള്ള ഇറക്കമാണ്. അവിടെ ക്യു നിർത്താൻ പറ്റില്ല. സാധാരണ പരിധിക്ക് അപ്പുറത്തേക്കാണ് ഇന്നലെ ക്യൂ നീണ്ടത്. മരക്കൂട്ടം ക്യൂ കോംപ്ലക്സിൽ കയറുന്നതിനു മുൻപ് തിരക്കിന്റെ സ്ഥിതി തീർഥാടകരെ പറഞ്ഞു മനസ്സിലാക്കാനാണ് ശബരിപീഠത്ത് തടയുന്നത്. മൂന്നും നാലും മണിക്കൂർ വരെ അവിടെ നിൽക്കേണ്ടി വരുന്നതാണ് ആദ്യത്തെ പ്രശ്നം.

വലിയ കടമ്പയാണ് മരക്കൂട്ടം കടക്കുക എന്നത്. ശരംകുത്തി വഴി പോകാൻ ആരും ആഗ്രഹിക്കുന്നില്ല. ശരംകുത്തി തിരക്കിൽ പെട്ടാൽ പുറത്തിറങ്ങാൻ കഴിയില്ല, ക്യൂ കോംപ്ലക്സിൽ ലഘുഭക്ഷണശാലയും ശുചിമുറിയും കുടിവെള്ളവും ഉണ്ട്. പക്ഷേ പുറത്തിറങ്ങാൻ കഴിയില്ല. അതിനാൽ ശരംകുത്തിവഴി പോകാൻ ആരും ആഗ്രഹിക്കുന്നില്ല. വിഐപികളെ മരക്കൂട്ടത്തിൽനിന്നു ചന്ദ്രാനന്ദൻ റോഡ് വഴി കടത്തിവിടുന്നുണ്ട്. അവർക്കായി വഴി തുറക്കുമ്പോൾ കൂട്ടത്തോടെ കുറേപ്പേർ ഇടിച്ചു കയറി പിന്നാലെ പോകും. ഇതാണ് അവസ്ഥ.

3 മണിക്കൂറിൽ കുറയാതെ ശബരിപീഠത്ത് നിന്നാലേ ക്യൂ മുന്നോട്ടു നീങ്ങു. കുറെ നിന്നുകഴിയുമ്പോൾ തീർഥാടകർ ഇറങ്ങി കാട്ടുവഴിയിലൂടെ സ്വാമി അയ്യപ്പൻ റോഡിൽ എത്തി സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കും. അവരെ നിയന്ത്രിച്ചു ക്യൂവിൽ കയറ്റാനും ആവശ്യത്തിനു പൊലീസ് ഇല്ല. അതിനാൽ അവർ ശരംകുത്തി ഭാഗത്തേക്ക് പോകാതെ ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് എത്തുന്നു.

മരക്കൂട്ടമാണ് ഏറ്റവും വലിയ അപകടമേഖല. ഗേറ്റ് സ്ഥാപിച്ചാണ് ചന്ദ്രാനന്ദൻ റോഡിലേക്ക് തീർഥാടകർ ഇറങ്ങാതെ തടഞ്ഞിട്ടുള്ളത്. ശക്തമായ തള്ളൽ ഉണ്ടായാൽ ഗേറ്റ് തകർന്ന് തീർഥാടകർ വീണ് അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവിടെയും ആവശ്യത്തിനു പൊലീസ് ഇല്ല. ശരംകുത്തി സ്ഥിരം അപകട മേഖലയാണ്. അവിടെയും ആവശ്യത്തിനു പൊലീസ് ഇല്ല. തീർഥാടകർ തെന്നിവീണ് അപകടം ഉണ്ടാകുന്ന യു ടേൺ ഭാഗത്ത് 2 പൊലീസുകാർ മാത്രമാണുള്ളത്. കുത്തനെയുള്ള ഇറക്കവും വളവുമാണ്. ഏത് നിമിഷവും അപകടം ഉണ്ടാകുന്ന സ്ഥിതിയാണ് . നവകേരള സദസ്സിന്റെ സുരക്ഷക്കായി ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് ശബരിമലയില്‍ ആവശ്യത്തിനു പൊലീസുകാരുടെ കുറവു വന്നത് എന്നും ആരോപണമുണ്ട്

Tags:    

Similar News