പണമില്ലെന്ന് പറ‌ഞ്ഞ് സർക്കാരിന്റെ ആഘോഷങ്ങൾ മുടങ്ങുന്നുണ്ടോ'; മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയെന്ന് കാണിച്ച് മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അഞ്ച് മാസമായി വിധവാപെൻഷൻ മുടങ്ങിയതിനെത്തുടർന്ന് മറിയക്കുട്ടി നൽകിയ…

By :  Editor
Update: 2023-12-21 07:45 GMT

കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയെന്ന് കാണിച്ച് മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അഞ്ച് മാസമായി വിധവാപെൻഷൻ മുടങ്ങിയതിനെത്തുടർന്ന് മറിയക്കുട്ടി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

മറിയക്കുട്ടിയുടെ ഹ‌ർജി പരിഗണിക്കവെ വൈകാരികമായിട്ടായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രതികരണം. '78 വയസുള്ള സ്ത്രീയാണ്. അവർക്ക് ജീവിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപയ്ക്ക് വേണ്ടി നിങ്ങൾക്ക് മുൻപിൽ കാത്തുനിൽക്കുന്നത്. ആവശ്യമെങ്കിൽ അഭിഭാഷകർക്കിടയിൽ പിരിവിട്ട് മറിക്കുട്ടിയ്ക്ക് പണം നൽകാം'- കോടതി പറഞ്ഞു. താമസിക്കാൻ സ്വന്തമായൊരു വീടുപോലുമില്ലെന്ന് വയോധിക കോടതിയെ അറിയിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാലാണ് നാല് മാസത്തെ പെൻഷൻ മുടങ്ങിയതെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം. കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ പണമില്ലായെന്ന് പറഞ്ഞ് സർക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങൾ മുടക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.

ജീവിക്കാൻ മറ്റ് മാർഗമില്ലാത്തതിനാൽ കോടതിയ്ക്ക് മുന്നിലെത്തിയ മറിയക്കുട്ടി ഒരു വിഐപിയാണ്. അങ്ങനെയാണ് കോടതി പരിഗണിക്കുന്നത്. മറിയക്കുട്ടിയ്ക്ക് പെൻഷൻ നൽകുന്ന കാര്യത്തിൽ നാളെത്തന്നെ തീരുമാനം അറിയിക്കണമെന്ന് പറ‌ഞ്ഞ കോടതി കേന്ദ്രവിഹിതം എന്തുകൊണ്ട് നൽകിയില്ലെന്ന് നാളെ കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ അറിയിക്കണമെന്നും വ്യക്തമാക്കി.

Tags:    

Similar News