മാസപ്പടി: കേന്ദ്ര അന്വേഷണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം; വിശദപരിശോധനയിലേക്ക് കടന്നെന്ന് കേന്ദ്രം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. നിലവിൽ…

By :  Editor
Update: 2024-01-15 01:55 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. കേന്ദ്ര കമ്പനികാര്യമന്ത്രാലയം സംഭവത്തിൽ വിശദമായ പരിശോധനയിലേക്ക് കടന്നിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. കമ്പനികാര്യമന്ത്രാലയത്തിന്റെ സമിതിയാണ് പരിശോധന നടത്തുന്നതെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു.

അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തിന് തടസ്സമില്ലെന്ന് ഹർജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് കോടതിയെ അറിയിച്ചു. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും ആലുവയിലെ സിഎംആർഎൽ കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ വലിയ തട്ടിപ്പു നടന്നുവെന്നും നൽകിയ പണം മാസപ്പടിയാണെന്നുമാണ് ആരോപണം. വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക്, കൊച്ചിയിലെ സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. എസ്എഫ്ഐഒ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഷോൺ കോടതിയെ സമീപിച്ചത്. ഹർജി 24 ന് പരിഗണിക്കാൻ മാറ്റി.

Tags:    

Similar News