13,000 സേനാംഗങ്ങൾ, വിവിധ സ്ക്വാഡുകൾ, ഡ്രോൺ, എഐ ക്യാമറ; പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ, വൻ സുരക്ഷ

അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ നഗരത്തിൽ വൻ സുരക്ഷാസന്നാഹം. 13,000 സേനാംഗങ്ങൾക്കു പുറമെ, ബോംബ്– ഡോഗ് സ്ക്വാഡുകൾ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത…

By :  Editor
Update: 2024-01-21 13:44 GMT

അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ നഗരത്തിൽ വൻ സുരക്ഷാസന്നാഹം. 13,000 സേനാംഗങ്ങൾക്കു പുറമെ, ബോംബ്– ഡോഗ് സ്ക്വാഡുകൾ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരെയും നിയോഗിച്ചു. നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എഐ) സഹായവും തേടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ, മത, രാഷ്ട്രീയ, ചലച്ചിത്ര, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിനെത്തും. പലരും ഇതിനോടകം എത്തിത്തുടങ്ങി.
നൈറ്റ് വിഷൻ (രാത്രിക്കാഴ്ച) ഉപകരണങ്ങൾ മുതൽ എഐ ഉള്ള സിസിടിവി ക്യാമറകൾ വരെയാണ് അയോധ്യയിൽ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്താനായി ഡ്രോണുകൾ ഗ്രൗണ്ടിൽ പരിശോധന നടത്തുന്നുണ്ട്. അയോധ്യയിലെ ‘യെലോ സോണിൽ’ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള എഐ അധിഷ്ഠിത ക്യാമറകളും വിന്യസിച്ചു.

അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാനാണ് എൻഡിആർഎഫ് സംഘം. സംസ്ഥാന ദുരന്ത നിവാരണ സേന സംഘങ്ങൾ സരയൂ നദിയിൽ ബോട്ട് പട്രോളിങ് നടത്തും. യുപി സ്‌പെഷൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (എസ്‌എസ്‌എഫ്) ആന്റി-ഡ്രോൺ സംവിധാനം ‘ആകാശ’ ഭീഷണികൾ തടയും. ഭൂകമ്പം പോലുള്ള ദുരന്തങ്ങളെ നേരിടുന്നതിനായി എഐ അധിഷ്ഠിത ആന്റി-മൈൻ ഡ്രോണുകളും രംഗത്തുണ്ട്.

അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത മഹർഷി വാത്മീകി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ്, ഡോഗ് സ്ക്വാഡിനെയും വിന്യസിച്ചു. ഇതിനു പുറമേ ഗതാഗത നിയന്ത്രണവുമുണ്ട്. അനുമതിയില്ലാതെ വാഹനങ്ങൾ കടത്തിവിടില്ല. അയോധ്യയിലെ 51 സ്ഥലങ്ങളിലാണ് പാർക്കിങ് ക്രമീകരണം. ഈ സ്ഥലങ്ങൾ ഡ്രോൺ നിരീക്ഷണത്തിലായിരിക്കും.

Tags:    

Similar News