കേരള ഗവർണറുടെ സുരക്ഷയ്ക്ക് സിആർപിഎഫ് സംഘം ബെംഗളൂരുവിൽനിന്ന്
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കുക ബെംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിന്റെ പ്രത്യേക വിഐപി സെക്യൂരിറ്റി സംഘം. 41 പേർ ഒരു സമയം ഗവർണർക്കൊപ്പം ഡ്യൂട്ടിക്കുണ്ടാകും. ഗവർണർ രാജ്യത്തെവിടെപ്പോയാലും…
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കുക ബെംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിന്റെ പ്രത്യേക വിഐപി സെക്യൂരിറ്റി സംഘം. 41 പേർ ഒരു സമയം ഗവർണർക്കൊപ്പം ഡ്യൂട്ടിക്കുണ്ടാകും. ഗവർണർ രാജ്യത്തെവിടെപ്പോയാലും സെഡ് പ്ലസ് സുരക്ഷയൊരുക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
30ന് സിആർപിഎഫിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം രാജ്ഭവനിൽ ചേരും. ഇതിനു ശേഷമാകും സുരക്ഷയുടെ രീതി നിശ്ചയിക്കുക. മണിക്കൂറുകൾക്കുള്ളിൽ ഗവർണറുടെ സുരക്ഷ ഏറ്റെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അടിയന്തര നിർദേശത്തെത്തുടർന്ന് പള്ളിപ്പുറം സിആർപിഎഫ് ക്യാംപിൽ നിന്നാണ് 25 അംഗ സംഘത്തെ കഴിഞ്ഞദിവസം തന്നെ നിയോഗിച്ചത്. വിഐപി സുരക്ഷയ്ക്കായി പ്രത്യേക പരിശീലനം ലഭിച്ച സിആർപിഎഫ് ഡിവിഷൻ ദക്ഷിണേന്ത്യയ്ക്കായി ബെംഗളൂരുവിലാണുള്ളത്. സിആർപിഎഫ് സേനാംഗങ്ങൾക്ക് ബാരക്കും മെസ്സും ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ രാജ്ഭവന് നിർദേശം നൽകിയതായി മനോരമ റിപോർട്ട് ചെയുന്നു
ഗവർണർ താമസിക്കുന്ന സ്ഥലവും യാത്രയുമെല്ലാം ഇൗ സുരക്ഷാ ടീമിന്റെ ചുമതലയിലായിരിക്കും. നിലവിൽ ഗവർണർക്ക് സുരക്ഷയൊരുക്കുന്ന കേരള പൊലീസ് കമാൻഡോ സംഘത്തെ പിൻവലിക്കണോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കുന്നത് ഗവർണറുടെ നിർദേശപ്രകാരമാകും. വിഐപിയുടെ ഏറ്റവും അടുത്തുള്ള മേഖല മാത്രമാണ് പ്രത്യേക സുരക്ഷാസംഘം ഏറ്റെടുക്കുക
നിലവിൽ കേരള പൊലീസ് ഒരുക്കുന്നതും സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ്. ഒരു അസിസ്റ്റന്റ് കമ്മിഷണറെയും 50 പൊലീസുദ്യോഗസ്ഥരെയുമാണ് ഇപ്പോൾ ഗവർണർക്കായി കേരള പൊലീസ് നൽകിയിരിക്കുന്നത്.
ഗവർണർക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും കഴിഞ്ഞതവണ നഗരത്തിൽ പേട്ടയിൽ എസ്എഫ്ഐ പ്രവർത്തകർ പാഞ്ഞടുത്ത് ഗവർണറുടെ കാറിൽ അടിച്ച സംഭവത്തോടെ തന്നെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഗവർണർക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നു കടുപ്പിച്ച റിപ്പോർട്ട് തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയിരുന്നു. ഗവർണർ പോകുന്നിടത്തെല്ലാം എസ്എഫ്ഐ പ്രവർത്തകരുടെ സംഘം അക്രമസജ്ജരായി മുന്നോട്ടുവരുന്നുണ്ടെന്ന് റിപ്പോർട്ട് കൈമാറിയിരുന്നു. അതാണ് ശനിയാഴ്ച സംഭവമുണ്ടായുടൻ സുരക്ഷയൊരുക്കാൻ കേന്ദ്രം നിർദേശിച്ചത്.
ഗവർണറുടെ സുരക്ഷാഭീഷണി സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടുകൾ സിആർപിഎഫിനു കേരള പൊലീസ് കൈമാറണമെന്നും പുതിയ നിർദേശത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു