മലപ്പുറത്ത് 17കാരിയെ ചാലിയാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: കരാട്ടെ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: വാഴക്കാട്ട് 17കാരിയെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43)…
;മലപ്പുറം: വാഴക്കാട്ട് 17കാരിയെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) ആണ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇയാൾ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നത് പതിവാണ്. ഇതെല്ലാം കരാട്ടയുടെ ഭാഗമാണെന്നായിരുന്നു സിദ്ദീഖ് കുട്ടികളോട് പറഞ്ഞിരുന്നത്. ഇയാൾ നേരത്തെ പോക്സോ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ആളാണെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയെ വീടിന് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് ആറ് മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടുപേരെ ഇവിടെ കണ്ടിരുന്നു. അയൽവാസികൾ ചിലർ അടുത്തേക്ക് ചെന്നപ്പോൾ മുഖം നൽകാതെ ബൈക്ക് ഓടിച്ചുപോയി. ഇത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹ ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. പെൺകുട്ടിക്ക് കരാട്ടെ അധ്യാപകനിൽനിന്ന് മോശം അനുഭവം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. കുടുംബം നൽകിയ പരാതിയിലാണ് കരാട്ടെ അധ്യാപകനെ വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
തന്റെ അനിയത്തി ആത്മഹത്യ ചെയ്യുമെന്ന് തങ്ങൾ ആരും വിശ്വസിക്കുന്നില്ലെന്ന് സഹോദരി പറഞ്ഞു. ജീവിക്കണമെന്ന് അത്രക്ക് കൊതിയുണ്ടായിരുന്നു. ജീവിതത്തെക്കുറിച്ച് അത്രയും കാഴ്ചപ്പാട് ഉണ്ടായിരുന്നു. വളരെ മിടുക്കിയായ അവൾ ഹയർ സെക്കൻഡറിയിൽ കോർട്ട്ഏർളിലി എക്സാമിന് പോലും ടോപ്പ് ആയിരുന്നു. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.
2020 ഡിസംബർ മുതൽ കരാട്ടെ ക്ലാസിൽ പോകുന്നുണ്ടായിരുന്നു. കരാട്ടെ ക്ലാസിൽനിന്ന് പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, 2023 സെപ്റ്റംബറിൽ വളരെ മോശമായ രീതിയിൽ കരാട്ടെ മാസ്റ്ററുടെ ഭാഗത്തുനിന്ന് സമീപനമുണ്ടായി. ഇതോടെ പെൺകുട്ടിയുടെ മാനസികാവസ്ഥ വളരെ മോശമായി. ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുടുംബം പറയുന്നു.