യുപിയില്‍ നാടകീയ നീക്കങ്ങള്‍, എട്ട് എസ്പി അംഗങ്ങളുടെ വോട്ട് ബിജെപിക്ക്? വോട്ടെടുപ്പിന് തൊട്ടുമുമ്പ് എസ്പി ചീഫ് വിപ്പ് രാജിവെച്ചു

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നാടകീയ നീക്കങ്ങള്‍. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സമാജ് വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ പദവി രാജിവെച്ചു. എസ്പി എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയിലേക്ക്…

By :  Editor
Update: 2024-02-27 00:26 GMT

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നാടകീയ നീക്കങ്ങള്‍. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സമാജ് വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ പദവി രാജിവെച്ചു. എസ്പി എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചീഫ് വിപ്പിന്റെ രാജി. റായ് ബറേലിയിലെ ഉന്‍ചഹാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മനോജ് പാണ്ഡെ.

സമാജ് വാദി പാര്‍ട്ടിയുടെ എട്ട് എംഎല്‍എമാര്‍ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് സൂചന. ക്രോസ് വോട്ടിങ് ഭീതിക്കിടെ, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ക്കായി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്നലെ നടത്തിയ അത്താഴ വിരുന്നില്‍ നിന്നും എട്ട് എംഎല്‍എമാര്‍ വിട്ടു നിന്നിരുന്നു. ഉത്തര്‍പ്രദേശിലെ 10 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ബിജെപി എട്ട് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. സമാജ് വാദി പാര്‍ട്ടി മൂന്നുപേരെയും. രണ്ടു പാര്‍ട്ടിയിലെയും എംഎല്‍എമാര്‍ കൂറുമാറാതെ, സാധാരണ നിലയില്‍ വോട്ട് രേഖപ്പെടുത്തിയാല്‍ ബിജെപിക്ക് ഏഴും സമാജ് വാദി പാര്‍ട്ടിക്ക് രണ്ടും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാകും. സമാജ് വാദി പാര്‍ട്ടി ക്യാമ്പില്‍ നിന്നുള്ള ക്രോസ് വോട്ടിലൂടെ എട്ടാമത്തെ സീറ്റ് ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ്, മുന്‍ എംപി ചൗധരി തേജ്വിര്‍ സിങ്, മുതിര്‍ന്ന നേതാവ് അമര്‍പാല്‍ മൗര്യ, മുന്‍ മന്ത്രി സംഗീത ബാലവന്ത്, പാര്‍ട്ടി വക്താവ് സുധാന്‍ഷു ത്രിവേദി, മുന്‍ എംഎല്‍എ സാധന സിങ്, മുന്‍ ആഗ്ര മേയര്‍ നവീന്‍ ജെയ്ന്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. ഇവര്‍ക്കു പുറമെ, എട്ടാമത്തെ സ്ഥാനാര്‍ത്ഥിയായി സഞ്ജയ് സേത്തിനെയും നിര്‍ത്തിയിട്ടുണ്ട്. സിനിമാനടി ജയാ ബച്ചന്‍, മുന്‍ ഐഎഎസ് ഓഫിസര്‍ അലോക് രഞ്ജന്‍, ദലിത് നേതാവ് ലാല്‍ സുമന്‍ എന്നിവരാണ് സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍.

Tags:    

Similar News