രാജീവ് ഗാന്ധി വധക്കേസിൽ ജയില്‍മോചിതനായ പ്രതി ശാന്തന്‍ അന്തരിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച ഏഴു പ്രതികളിൽ ഒരാളായ ശാന്തൻ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രീലങ്കയിലേക്ക് പോകാനിരിക്കെ ആയിരുന്നു അന്ത്യം.…
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച ഏഴു പ്രതികളിൽ ഒരാളായ ശാന്തൻ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രീലങ്കയിലേക്ക് പോകാനിരിക്കെ ആയിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ ചികിത്സാ സഹായം തേടിയെത്തിയത്.
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിരരാജ. ബുധനാഴ്ച രാവിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ പ്രസിഡന്റിനോട് സഹായം ആവശ്യപ്പെട്ടിരുന്നു.
2022ലാണ് സുപ്രീം കോടതി ഇടപെട്ട് ശാന്തൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചത്. നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് ജയില്‍ മോചിതരായത്. ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ സ്പെഷൽ ക്യാംപിലായിരുന്നു ശാന്തൻ കഴിഞ്ഞിരുന്നത്. നളിനി വെല്ലൂരിലെ വീട്ടിലേക്കാണു പോയത്.
എസ്.രാജ എന്നാണ് ശാന്തന്റെ ഔദ്യോഗിക പേര്. 1991ലെ ലങ്കൻ പ്രശ്നകാലത്ത് ബോട്ട് മാർഗം ശിവരശനൊപ്പം ഇന്ത്യയിലെത്തിയ ശാന്തൻ എൽടിടിഇ ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗമായിരുന്നു. രാജീവ് വധ ആസൂത്രണത്തിലും നടപ്പാക്കലിലും നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷിക്കപ്പെട്ടത്.