തൊഴിൽ പോർട്ടൽ ഒരുക്കി സ്കൂൾ വിദ്യാർഥികൾ
വടകര: ഉദ്യോഗാർഥികൾക്കും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും സഹായകമാകുന്ന തൊഴിൽ പോർട്ടൽ ഒരുക്കി ഓർക്കാട്ടേരി കെ.കെ.എം.ജി. വി.എച്ച്.എച്ച്.എസിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ മാതൃകയായി. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരള…
വടകര: ഉദ്യോഗാർഥികൾക്കും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും സഹായകമാകുന്ന തൊഴിൽ പോർട്ടൽ ഒരുക്കി ഓർക്കാട്ടേരി കെ.കെ.എം.ജി. വി.എച്ച്.എച്ച്.എസിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ മാതൃകയായി. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരള വഴി നടപ്പാക്കിയ സ്കിൽ ഷെയർ പ്രോജക്ടിന്റെ ഭാഗമായാണ് ജൂനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ കോഴ്സിലെ വിദ്യാർഥികൾ തൊഴിൽ പോർട്ടൽ ഒരുക്കിയത്. thozhilportal.in എന്ന വെബ് ആപ്ലിക്കേഷനാണ് നാലു വിദ്യാർഥികൾ ചേർന്ന് രൂപപ്പെടുത്തിയത്.
പൊതുജനങ്ങൾക്ക് തങ്ങളുടെ പ്രദേശത്തുള്ള ഓട്ടോഡ്രൈവർ, ജീപ്പ് ഡ്രൈവർ, ഇലക്ട്രിക്കൽ-പ്ലംബിങ്, മറ്റ് അനുബന്ധ ജോലിക്കാർ തുടങ്ങിയവരുടെ ഫോൺ നമ്പറും വിവരങ്ങളും ലഭിക്കുന്നു. നിലവിൽ ഓർക്കാട്ടേരി, വടകര പ്രദേശത്തെ വിവരങ്ങളാണ് പോർട്ടലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. തൊഴിലാളികൾക്കും ഉദ്യോഗാർഥികൾക്കും തൊഴിൽദാതാക്കൾക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
തൊഴിൽദാതാക്കൾ പോർട്ടലിൽ ഒഴിവുകൾ സമർപ്പിക്കുകയും ഈ ഒഴിവുകൾ ഉദ്യോഗാർഥികൾക്ക് കാണാൻ സാധിക്കുകയും ചെയ്യും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിൽ ദാതാക്കളെയും ഉദ്യോഗാർഥികളെയും സഹായിക്കുംവിധം തൊഴിൽമേളകൾ സംഘടിപ്പിക്കാനും കഴിയും. പലതരത്തിലുള്ള ഓൺലൈൻ പരീക്ഷകളും പോർട്ടലിൽ ലഭ്യമാണ്.
വിദ്യാർഥികളായ കെ. ആദിദേവ്, വിഷ്ണു പ്രകാശ്, എം.കെ. എബിൻ, ഗൗതം പ്രകാശ്, നിദേവ് കൃഷ്ണ എന്നിവർ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ എം. സപിന്റെ മേൽനോട്ടത്തിലാണ് പോർട്ടൽ തയാറാക്കിയത്. എസ്.എസ്.കെ ജില്ല കോഓഡിനേറ്റർ എ.കെ. അബ്ദുൽ ഹക്കീം, ഡി.പി.ഒ വി.ടി. ഷീബ, പി.ടി.എ പ്രസിഡന്റ് സി.പി. രാജൻ, പ്രിൻസിപ്പൽ ജി. ജയഹരി എന്നിവരും നേതൃത്വം നൽകി.