മോദിയുടെ വസതിയിൽ ബിജെപിയുടെ നിർണായക യോഗം; വയനാട്ടിൽ മത്സരം കടുപ്പിക്കാൻ ബിജെപി നീക്കം?
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം അവലോകനം ചെയ്യാൻ ഉന്നത നേതാക്കൾ ഡൽഹിയിൽ യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ കേന്ദ്രമന്ത്രി അമിത്…
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം അവലോകനം ചെയ്യാൻ ഉന്നത നേതാക്കൾ ഡൽഹിയിൽ യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും പങ്കെടുക്കുന്നുണ്ട്. അവശേഷിക്കുന്ന ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പ് ഏകോപനം എന്നിവ ചർച്ചയാകും. അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കുന്നതിനു മുന്നോടിയായാണ് യോഗം.
നാലാംഘട്ട പട്ടിക പുറത്തിറക്കിയിട്ടും കേരളത്തിലെ നാലു മണ്ഡലങ്ങളിൽ ബിജെപി ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത പട്ടികയിൽ കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽനിന്നും മത്സരിക്കില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ഈ സാഹചര്യത്തിൽ രാഹുൽ മത്സരിക്കുന്ന വയനാട്ടിൽ മത്സരം കടുപ്പിക്കാനാകും ബിജെപി നീക്കം.
ദേശീയതലത്തിൽ നിന്നുള്ള സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ പോലും അപ്രതീക്ഷിത മുഖത്തെ കളത്തിൽ ഇറക്കാനാണു ബിജെപി ആലോചിക്കുന്നത്. കൊല്ലത്തും അപ്രതീക്ഷിത സ്ഥാനാർഥിയുണ്ടാകുമെന്നാണ് സൂചന.