തലശ്ശേരി – മാഹി ബൈപാസിൽ ഗതാഗതം കുരുക്കിലാക്കിയുള്ള അശാസ്ത്രീയ ടോൾ പിരിവിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
തലശ്ശേരി – മാഹി ബൈപാസിൽ അശാസ്ത്രീയ ടോൾ പിരിവിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ്…
തലശ്ശേരി – മാഹി ബൈപാസിൽ അശാസ്ത്രീയ ടോൾ പിരിവിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തലശ്ശേരി - മാഹി ബൈപാസിൽ ഉദ്ഘാടന ദിവസം മുതൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ആറുവരി പാതയ്ക്ക് ടോൾ ബൂത്തിൽ 24 ഗേറ്റുകൾ വേണമെന്ന ചട്ടം നിലനിൽക്കെ ആറുവരിപ്പാത ടോൾ ബൂത്തിലെത്തുമ്പോൾ നാലുവരിയായി ചുരുങ്ങും.
ആംബുലൻസ് ഉൾപ്പെടെ അടിയന്തരമായി കടത്തിവിടേണ്ട വാഹനങ്ങൾ, വിവിഐപി വാഹനങ്ങൾ, ടോൾ ആവശ്യമില്ലാത്ത ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾ കടത്തിവിടാൻ പ്രത്യേക ഗേറ്റ് ഇല്ല. ഇതോടെ ട്രയൽ റൺ ആരംഭിച്ചതു മുതൽ വാഹനത്തിരക്കുള്ള സമയങ്ങളിൽ ടോൾ ഗേറ്റിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. ട്രയൽ റൺ സമയത്ത് ഇവിടെ ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ട ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ ബി.എൽ.മീണ വീതി കൂട്ടാൻ നിർദേശിച്ചിരുന്നു. റോഡിൽ വലിയ വീതിയിൽ ഉയർത്തി കോൺക്രീറ്റ് ചെയ്ത ഭാഗം മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചു നീക്കിയെങ്കിലും ആറുവരിയായി വാഹനം കടത്തിവിടാനുള്ള സ്ഥലം ലഭിച്ചില്ല.
ഉദ്ഘാടന ശേഷം ടോൾ പിരിവ് തുടങ്ങിയതോടെ കുരുക്ക് രൂക്ഷമായി. ഇതോടെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തുകയും കുരുക്കുള്ള സമയത്ത് ടോൾ ഗേറ്റ് ബലമായി തുറന്ന് വാഹനങ്ങൾ കടത്തിവിടുകയും ചെയ്തിരുന്നു. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസുകളെ കടത്തിവിടേണ്ടി വരുമ്പോൾ ഒട്ടേറെ വാഹനങ്ങൾ ടോൾ നൽകാതെ കടന്നുപോകുന്നതു നഷ്ടമുണ്ടാക്കുന്നതായി ടോൾ പ്ലാസ നടത്തിപ്പുകാരും പരാതിപ്പെട്ടിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള എവി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് ടോൾ ശേഖരിക്കാനുള്ള കരാർ.